ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട ചോദ്യച്ചോർച്ചാ ആരോപണങ്ങളിൽ അന്വേഷണം കേരളത്തിലേക്കും വ്യാപിച്ചു. കേരളത്തിലുള്ള ചില വാട്സാപ്പ് ഗ്രൂപ്പുകളിൽ ചോദ്യപേപ്പർ പ്രചരിച്ചിരുന്നുവെന്ന ആരോപണങ്ങളിലാണ് അന്വേഷണം നടക്കുന്നത്.രാജസ്ഥാനിലെ പ്രത്യേക അന്വേഷണസംഘം കേരള പൊലീസിന്റെ സഹകരണത്തോടെയാണ് അന്വേഷണം നടത്തുന്നത്.
മെയ് മൂന്നിനായിരുന്നു നീറ്റ് പരീക്ഷ നടന്നത്. എന്നാൽ പരീക്ഷയ്ക്ക് മുമ്പ് തന്നെ ചോദ്യപേപ്പറിന്റെ ഭാഗങ്ങൾ പുറത്തായെന്നാണ് ആരോപണം. രാജസ്ഥാനിലെ സിക്കർ കേന്ദ്രീകരിച്ചുള്ള ഒരു പരിശീലന സ്ഥാപനത്തെ ചുറ്റിപ്പറ്റിയാണ് പ്രധാന ആരോപണങ്ങൾ ഉയരുന്നത്.

700 മാർക്കിന്റെ ചോദ്യപേപ്പറിലെ അവസാന ഭാഗത്തുള്ള 100 മാർക്കിന്റെ ചോദ്യങ്ങളാണ് ചോർന്നതെന്ന വിവരമാണ് പുറത്തുവരുന്നത്. ഒരു പരിശീലന സ്ഥാപനം തയ്യാറാക്കിയ 400 ചോദ്യോത്തരങ്ങളിൽ 100 എണ്ണം പരീക്ഷയിൽ അതേപടി വന്നുവെന്നും പരാതിക്കാർ ആരോപിക്കുന്നു.സംഭവത്തിൽ അന്വേഷണം നടത്താൻ രാജസ്ഥാനിൽ പ്രത്യേക പ്രവർത്തനസംഘം രൂപീകരിച്ചിട്ടുണ്ട്. കേരളം, രാജസ്ഥാൻ, മുംബൈ എന്നിവിടങ്ങളിലായി ചോദ്യങ്ങൾ പ്രചരിച്ചിരിക്കാമെന്ന സംശയവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.അതേസമയം, ഇത്തരത്തിലുള്ള ചോദ്യച്ചോർച്ച സംബന്ധിച്ച വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ദേശീയ പരീക്ഷ ഏജൻസിയുടെ വിശദീകരണം.