ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് കുട്ടികളടക്കം ആറ് വിനോദസഞ്ചാരികൾ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പെയ്ത കനത്ത മഴയിലും കാറ്റിലും നിയന്ത്രണം വിട്ട എസ്യുവി അഗാധമായ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഗുജറാത്തിലെ ഭാവ്നഗറിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. പത്ത് യാത്രക്കാരുണ്ടായിരുന്ന ടൊയോട്ട ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടതെന്നും നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മരിച്ചവരിൽ നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. അപകടസ്ഥലത്തുവെച്ചുതന്നെ ആറുപേരും മരണപ്പെട്ടിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.
ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ടാണ്ട മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഞായറാഴ്ച രാത്രി മുതൽ പ്രദേശത്ത് തുടരുന്ന ശക്തമായ മഴയും മോശം കാലാവസ്ഥയുമാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമായത്.
ഗുജറാത്ത് സ്വദേശികളായ ലളിത്ഭായ് പട്നാനി, മംതാബെൻ ലളിത്ഭായ് പട്നാനി, പ്രിയങ്ക് കനയ്യലാൽ ഭോപ്പാനി, ഭാര്യ കാജൽ, മകൻ ദിയാൻഷ്, ഹിമാചൽ സ്വദേശിയായ ഡ്രൈവർ ജസ്വന്ത് കുമാർ എന്നിവരാണ് മരിച്ചത്. മായങ്ക് ലളിത്ഭായ് പട്നാനി, ഫോറംബെൻ മായങ്ക് പട്നാനി, മൂന്ന് വയസ്സുകാരായ ജിയാൻഷ് പട്നാനി, പ്രിയാൻഷി ഭോപ്പാനി എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



