യവത്മാൽ: ഉറങ്ങിക്കിടന്ന ഭർത്താവിനെ വൈദ്യുതി ഷോക്കേൽപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭാര്യയും കാമുകനും മഹാരാഷ്ട്രയിൽ പിടിയിലായി. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലാണ് സിനിമയെ വെല്ലുന്ന ക്രൂരത അരങ്ങേറിയത്. കവടി മോറെ, കാമുകൻ വിഷ്ണു കാഡു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
തങ്ങളുടെ ബന്ധത്തിന് ഭർത്താവായ ഗജാനൻ മോറെ തടസമാകുമെന്ന് കണ്ടതോടെയാണ് ഇരുവരും ചേർന്ന് ഇയാളെ വകവരുത്താൻ പദ്ധതിയിട്ടത്. മേയ് മൂന്നിന് രാത്രി ഗജാനൻ മോറെ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം. ഒരു അലുമിനിയം കമ്പിയുടെ ഒരു വശം വൈദ്യുതി ലൈനിലും മറുവശം ഗജാനന്റെ ശരീരത്തിലുമാണ് പ്രതികൾ ബന്ധിപ്പിച്ചത്.
കറന്റ് കടത്തിവിട്ടതോടെ ശക്തമായ ഷോക്കേറ്റ് ഗജാനൻ ഞെട്ടി ഉണരുകയായിരുന്നു. ഷോക്കേറ്റതിനെത്തുടർന്ന് ഇയാളുടെ രണ്ട് കൈകളിലും ഗുരുതരമായി പൊള്ളലേറ്റു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ മേയ് എട്ടിന് പോലീസ് പിടികൂടി. കൊലപാതക ശ്രമത്തിന് ഉപയോഗിച്ച വയറുകളും പോലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 109(1), 62(2) എന്നീ വകുപ്പുകൾ പ്രകാരം വധശ്രമത്തിനാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രണയബന്ധത്തിന് തടസമാകുന്നവരെ ഇല്ലാതാക്കാൻ ഇത്രയും ക്രൂരമായ മാർഗം സ്വീകരിച്ചത് പ്രദേശവാസികളെയും ഞെട്ടിച്ചിരിക്കുകയാണ്.



