ആലുവ: പോലീസിന്റെയടക്കം വ്യാജ രേഖകൾ നിർമിച്ച് അനധികൃത അവയവദാന തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയെ ഉത്തർപ്രദേശ് ഗാസിയാബാദിൽനിന്ന് പിടികൂടി.
കുന്നത്തുനാട് പെരിങ്ങാലയിൽ വാടകയ്ക്ക് താമസിക്കുന്ന കാസർഗോഡ് കൽനാട് അൽ നിഹാമത്ത് മൻസിലിൽ മുഹമ്മദ് നജീബി(53)നെയാണ് റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ കുന്നത്തുനാട് പെരിങ്ങാല ബൈത്തുൽറഹ്മ വീട്ടിൽ റഷീദ(37)യെ കുന്നത്തുനാട് പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഉത്തർപ്രദേശ് ഗാസിയാബാദിൽനിന്ന് പ്രത്യേക ഓപ്പറേഷനിലൂടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.പോലീസ് പിന്നാലെയുണ്ടെന്നറിഞ്ഞ് മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഇയാൾ മുങ്ങുകയായിരുന്നു.കൊച്ചിയിൽനിന്ന് പ്രതി വിമാന മാർഗം ഡൽഹിയിലെത്തിയപ്പോൾ പിന്തുടർന്ന് പോലീസും എത്തി.
രാത്രി ഗാസിയാബാദിലേക്ക് കടന്ന ഇയാളെ ഇന്നലെ പുലർച്ചെ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് അന്വേഷസംഘം പിടികൂടിയത്.
തുടർന്ന് ഇന്നലെ രാത്രിയോടെ എറണാകുളത്ത് എത്തിച്ചു. കുന്നത്തുനാട് കുമാരപുരം മോറക്കാല തടിയൻ വീട്ടിൽ സണ്ണി വർഗീസ് (56), ഭാര്യ സിനി വർഗീസ് (50), ചേലക്കുളം കവുങ്ങപ്പറമ്പ് കുഴിക്കാടൻ വീട്ടിൽ സനോജ് (32) എന്നിവരെ എറണാകുളം റൂറൽ ജില്ലയിലും ശ്രീജ, സുധീർ, വിനോദ് എന്നിവരെ കൊല്ലം കിളിക്കല്ലൂർ പോലീസ് സ്റ്റേഷനിലും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ കുന്നത്തുനാട് ഇൻസ്പെക്ടർ എസ്. ശിവലാൽ, എസ്ഐ എം. അഭിജിത്ത്, എഎസ്ഐ യു. മുരളീധരൻ സിപിഒ ഒ.എസ്. ബിൻരാജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.



