പറക്കും തളികകളെപ്പറ്റിയും വിശദീകരിക്കാനാകാത്ത ആകാശ പ്രതിഭാസങ്ങളെക്കുറിച്ചുമുള്ള സര്‍ക്കാര്‍ ഫയലുകള്‍ പുറത്തുവിട്ട് അമേരിക്കന്‍ പ്രതിരോധവകുപ്പ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫയലുകള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്താണ് ഈ ഫയലുകളിലുള്ളതെന്ന് നോക്കാം.

2025 സെപ്തംബറില്‍ പടിഞ്ഞാറന്‍ അമേരിക്കയില്‍ പ്രത്യക്ഷപ്പെട്ട തിരിച്ചറിയാനാകാത്ത ആകാശ വസ്തുവിന്റെ ദൃശ്യങ്ങള്‍, 2023 സെപ്തംബറില്‍ ആകാശത്ത് കാണപ്പെട്ട 195 അടി നീളമുള്ള ഓവല്‍ രൂപത്തിലുള്ള പറക്കും വസ്തുവിന്റെ ചിത്രം, 1972ല്‍ അപ്പോളോ 17 ദൗത്യസംഘം എടുത്ത ഫോട്ടോയില്‍ ചന്ദ്രോപരിതലത്തിന് മുകളില്‍ കാണപ്പെട്ട മൂന്ന് പ്രകാശവസ്തുക്കള്‍, 2022 മേയില്‍ പശ്ചിമേഷ്യയില്‍ അമേരിക്കന്‍ സൈനിക വൈമാനികന്‍ എടുത്ത പറക്കുന്ന വസ്തുവിന്റെ ചിത്രം, 2023 ഒക്ടോബറില്‍ യു എ ഇ-.യുടെ ആകാശത്ത് കാണപ്പെട്ട വസ്തു, ജപ്പാനടുത്ത് യു എസ് ഇന്‍ഡോ- പസഫിക് കമാന്‍ഡ് കണ്ട ഫുട്ബോള്‍ സമാനമായ വസ്തു തുടങ്ങി ലോകത്തിന്റെ വിവിധയിടങ്ങളില്‍ ആകാശത്ത് കാണപ്പെട്ട വിശദീകരിക്കാനാകാത്ത ആകാശ പ്രതിഭാസങ്ങളുടെ ചിത്രങ്ങളാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. പറക്കുംതളിക ഫയലുകളുടെ ആദ്യഭാഗമാണ് പുറത്തുവിട്ടിരിക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ വ്യക്തമാക്കി.

2023-ല്‍ മുന്‍ യുഎസ് ഇന്റലിജന്‍സ് ഓഫീസറായ ഡേവിഡ് ഗ്രഷ് അമേരിക്കന്‍ കോണ്‍ഗ്രസിന് മുന്നില്‍ നടത്തിയ നിര്‍ണ്ണായകമായ വെളിപ്പെടുത്തലുകളാണ് അന്യഗ്രഹജീവികളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ലോകത്ത് വീണ്ടും സജീവമാക്കിയത്. അമേരിക്കന്‍ സര്‍ക്കാരിന്റെ കൈവശം മനുഷ്യനിര്‍മ്മിതമല്ലാത്ത നിരവധി പേടകങ്ങളുണ്ടെന്നും പതിറ്റാണ്ടുകളായി ഇവ റിവേഴ്‌സ് എഞ്ചിനിയറിങ് നടത്താനും അവയിലെ സാങ്കേതികവിദ്യ പഠിക്കാനുമുള്ള രഹസ്യ പദ്ധതികള്‍ നടക്കുന്നുണ്ടെന്നുമായിരുന്നു ഗ്രഷിന്റെ വെളിപ്പെടുത്തല്‍. തകര്‍ന്നുവീണ പേടകങ്ങളില്‍ നിന്ന് മനുഷ്യന്റേതല്ലാത്ത ജൈവാവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും ഈ വിവരങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും മനഃപൂര്‍വ്വം മറച്ചുവെക്കുകയാണെന്ന് ഗ്രഷ് ആരോപിച്ചു.

1947 ജൂലൈയില്‍ ന്യൂ മെക്‌സിക്കോയിലെ റോസ്വെല്ലില്‍ തകര്‍ന്നുവീണ പറക്കുംതളികയെന്ന് കരുതപ്പെടുന്ന വസ്തു ഏരിയ ഫിഫ്റ്റി വണ്ണില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഒരു അഭ്യൂഹം. എന്നാല്‍ സോവിയറ്റ് ആണവപരീക്ഷണങ്ങള്‍ കണ്ടെത്താനുള്ള ‘പ്രോജക്ട് മുഗള്‍’ എന്ന അമേരിക്കന്‍ രഹസ്യപദ്ധതിയുടെ ഭാഗമായ നിരീക്ഷണ ഉപകരണമാണ് റോസ് വെല്ലില്‍ തകര്‍ന്നതെന്നാണ് പില്‍ക്കാലത്ത് അമേരിക്ക പറഞ്ഞത്. പക്ഷേ അതേപ്പറ്റി അറിവുള്ള പലരും അതിനോട് പരസ്യമായി വിയോജിച്ചു. അന്യഗ്രഹജീവികളെയും പറക്കുംതളികകളെയും കുറിച്ചുള്ള അമേരിക്ക രഹസ്യമാക്കി വച്ചിരുന്ന ഫയലുകള്‍ പുറത്തുവിട്ടു തുടങ്ങിയതോടെ പല യൂഫോ അഭ്യൂഹങ്ങള്‍ക്കും വിരാമമായേക്കും.