സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചതോടെ ജാഗ്രത നിർദേശം ശക്തമാക്കിയിരിക്കുകയാണ്. തെക്കൻ കേരളത്തിൽ നിന്ന് മധ്യകേരളം വരെയും പിന്നീട് വടക്കൻ ജില്ലകളിലേക്കുമായി മഴ വ്യാപിക്കാനാണ് സാധ്യത. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴ ചില പ്രദേശങ്ങളിൽ അനുഭവപ്പെടാനിടയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യതക്കും മുന്നറിയിപ്പുണ്ട്.

കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം ഇങ്ങനെ, മെയ് 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് 10ന് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലും മുന്നറിയിപ്പ് തുടരും. 11ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും 12ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 13ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.