അമേരിക്കൻ സേനയ്ക്ക് നേരെ ഇറാൻ നടത്തുന്ന നീക്കങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. കഴിഞ്ഞ ദിവസം ഇറാനു നേരെ അമേരിക്ക നടത്തിയ സൈനിക നടപടി കേവലം പ്രതിരോധം മാത്രമാണെന്നും ഇത് നേരത്തെ അവസാനിപ്പിച്ച ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. റോമിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളെയും വ്യോമ-നാവിക സേനകളെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണാത്മക നീക്കമായിരുന്നു ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’. എന്നാൽ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര സമുദ്രപരിധിയിലൂടെ നീങ്ങിയ അമേരിക്കൻ ഡിസ്ട്രോയർ കപ്പലുകൾക്ക് നേരെ ഇറാൻ വെടിയുതിർത്തപ്പോൾ സ്വയരക്ഷയ്ക്കായി നടത്തിയ പ്രത്യാക്രമണമാണ് ഇപ്പോൾ നടന്നതെന്ന് റൂബിയോ വിശദീകരിച്ചു. തങ്ങൾക്ക് നേരെ വെടിയുതിർക്കുമ്പോൾ തിരിച്ചടിക്കാതിരിക്കാൻ അമേരിക്ക ഒരു വിഡ്ഢി രാജ്യമല്ലെന്നും അദ്ദേഹം പരിഹസിച്ചു.
ഇറാനു മുൻപിൽ അമേരിക്ക വല്ല ലക്ഷ്മണരേഖയും (Red line) നിശ്ചയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, അമേരിക്കക്കാരുടെ സുരക്ഷ ഭീഷണിയിലായാൽ ശത്രുക്കളെ തകർക്കുമെന്നതാണ് തങ്ങളുടെ വ്യക്തമായ നിലപാടെന്ന് അദ്ദേഹം മറുപടി നൽകി. സമാധാന ശ്രമങ്ങൾ ഒരുവശത്ത് നടക്കുമ്പോഴും തങ്ങളുടെ സൈനികർക്കും പൗരന്മാർക്കും നേരെയുള്ള ഏതൊരു പ്രകോപനത്തെയും പ്രതിരോധപരമായി നേരിടുമെന്ന കർശന സന്ദേശമാണ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ഇതിലൂടെ നൽകിയിരിക്കുന്നത്.



