ഉത്തേജക പരിശോധനയ്ക്കായി നിശ്ചയിച്ച സമയത്തും സ്ഥലത്തും ഹാജരാകാത്തതിനെത്തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യശസ്വി ജയ്‌സ്വാളിനും ഷെഫാലി വർമ്മയ്ക്കും ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) നോട്ടീസ് അയച്ചു. “വേർഎബൗട്ട്സ് ഫെയിലിയർ” (Whereabouts Failure) നിയമപ്രകാരം ഇതാദ്യമായാണ് ഇരുവർക്കും നാഡ നോട്ടീസ് നൽകുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

പരിശോധനയ്ക്കായി നേരത്തെ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ താരങ്ങളെ കാണാത്തതിനെത്തുടർന്നാണ് നടപടി. സംഭവത്തിൽ വിശദീകരണം നൽകാൻ താരങ്ങൾക്ക് അവസരം നൽകിയിട്ടുണ്ട്. ബി.സി.സി.ഐയെയും നാഡ ഈ വിവരം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. നാഡയുടെ രജിസ്റ്റേർഡ് ടെസ്റ്റിംഗ് പൂളിൽ (ആർ.ടി.പി) ഉൾപ്പെട്ട താരങ്ങളാണ് ഇരുവരും.