കുട്ടിക്കാലത്തെ വാക്സിനേഷനുകൾക്ക് ശേഷം കുത്തിവെപ്പുകളിൽ നിന്ന് തങ്ങൾ പൂർണ്ണമായും മുക്തരായെന്ന് കരുതുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ വാക്സിനുകൾ കുട്ടികൾക്ക് മാത്രമുള്ളതല്ലെന്നും മുതിർന്നവർക്കും മാരകമായ രോഗങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കാൻ വാക്സിനുകൾ അനിവാര്യമാണെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പല മുതിർന്നവരും തങ്ങൾക്ക് വാക്സിൻ ആവശ്യമാണെന്ന കാര്യത്തിൽ അജ്ഞരാണ്. കുട്ടിക്കാലത്ത് എടുത്ത വാക്സിനുകളുടെ പ്രതിരോധ ശേഷി ജീവിതകാലം മുഴുവൻ നിലനിൽക്കുമെന്ന് പലരും തെറ്റായി ധരിക്കുന്നു. എന്നാൽ പ്രായം കൂടുന്തോറും ശരീരത്തിന്റെ രോഗപ്രതിരോധ മെമ്മറി കുറയുമെന്നും ഇത് രോഗബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും മണിപ്പാൽ ഹോസ്പിറ്റലിലെ നിയോനാറ്റോളജി കൺസൾട്ടന്റ് ഡോ. അഞ്ജലി എസ് രാജ് വ്യക്തമാക്കുന്നു.