തമിഴ്‌നാട് സർക്കാർ രൂപീകരണ ചർച്ചകളിൽ സ്ഫോടനാത്മക വെളിപ്പെടുത്തലുമായി സിപിഐ(എം) ജനറൽ സെക്രട്ടറി എം.എ. ബേബി. അണ്ണാ ഡിഎംകെ നേതൃത്വത്തിലുള്ള സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുന്നതിനെക്കുറിച്ച് ഡിഎംകെ ആലോചിച്ചിരുന്നതായും തങ്ങളോട് ആ വഴി പിന്തുടരാൻ ആവശ്യപ്പെട്ടതായും ബേബി ഇന്ത്യ ടുഡേ ടിവിക്ക് നൽകിയ അഭിമുഖത്തിൽ അവകാശപ്പെട്ടു.

തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ അണ്ണാ ഡിഎംകെയെ പിന്തുണയ്ക്കാം എന്നതായിരുന്നു എം.കെ. സ്റ്റാലിന്റെ നിലപാടെന്നും എന്നാൽ പരാജയപ്പെട്ട കക്ഷികളെ പിന്തുണയ്ക്കാനാവില്ലെന്ന് തങ്ങൾ വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. അണ്ണാ ഡിഎംകെയും ഡിഎംകെയും തോറ്റവരാണെന്നും ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ്‍യുടെ ടിവികെയെ പിന്തുണയ്ക്കുകയാണ് ജനാധിപത്യപരമായ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.