അർജന്റീനയിൽ നിന്നുള്ള ‘എംവി ഹോണ്ടിയസ്’ എന്ന ഡച്ച് ക്രൂയിസ് കപ്പലിൽ ഹാൻ്റവൈറസ് (Hantavirus) പടരുന്നത് ആഗോളതലത്തിൽ ആശങ്കയുണ്ടാക്കുന്നു. കപ്പലിലെ നിരവധി യാത്രക്കാർക്ക് രോഗം ബാധിക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ അന്താരാഷ്ട്ര ആരോഗ്യ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. കപ്പലുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് കേസുകൾ റിപ്പോർട്ട് ചെയ്തതായും ഇതിൽ അഞ്ചെണ്ണം ഹാൻ്റവൈറസ് ആണെന്ന് സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന (WHO) വ്യാഴാഴ്ച അറിയിച്ചു. മൂന്ന് കേസുകൾ സംശയാസ്പദമാണ്.
എലികളിലൂടെ പടരുന്ന ഈ വൈറസ് അവയുടെ ഉമിനീർ, മൂത്രം, മലം എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് മനുഷ്യരിലേക്ക് എത്തുന്നത്. എന്നാൽ ഹാൻ്റവൈറസ് കൊറോണ പോലെ ഒരു മഹാമാരിയായി പടരാൻ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി വ്യക്തമാക്കി. “ഇതൊരു മഹാമാരിയല്ല, ആറ് വർഷം മുൻപ് ലോകം കണ്ട കോവിഡ്-19 സാഹചര്യം ഇവിടെയില്ല,” മാധ്യമ ബ്രീഫിംഗിൽ അദ്ദേഹം പറഞ്ഞു.



