ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപിൽ കുടുംബസമേതം ഉച്ചഭക്ഷണത്തിന് പോയത് എന്തിനാണെന്ന് ഓർമ്മയില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ വാണിജ്യ സെക്രട്ടറിയായ ഹോവാർഡ് ലട്നിക്. കോൺഗ്രസ് കമ്മിറ്റിക്ക് നൽകിയ സ്വകാര്യ സാക്ഷ്യത്തിൽ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കാന്റർ ഫിറ്റ്സ്ജെറാൾഡ് കമ്പനിയുടെ മുൻ സിഇഒയായ ലട്നിക്, 2012ൽ എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപിൽ കുടുംബത്തോടൊപ്പം രണ്ട് മണിക്കൂർ ഉച്ചഭക്ഷണത്തിനായി ചെലവഴിച്ചുവെന്ന് പുറത്തുവന്നിട്ടുണ്ട്. വർഷങ്ങൾക്കുമുമ്പ് തന്നെ എപ്സ്റ്റീനുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന അദ്ദേഹത്തിന്റെ പഴയ പൊതുപ്രസ്താവനയുമായി ഇത് വിരുദ്ധമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ വർഷം ഒരു പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോൾ, 2005ഓടെ എപ്സ്റ്റീൻ തന്റെ വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ “മസാജ് ടേബിൾ” സംബന്ധിച്ച് ലൈംഗിക സൂചനയുള്ള പരാമർശം നടത്തിയതിനെ തുടർന്ന് താൻ ഇനി ഒരിക്കലും അദ്ദേഹത്തോടൊപ്പം ഒരേ മുറിയിൽ ഇരിക്കില്ലെന്ന് തീരുമാനിച്ചുവെന്ന് ലട്നിക് പറഞ്ഞിരുന്നു. ലട്നിക്കും എപ്സ്റ്റീനും മാന്ഹട്ടന്റെ അപ്പർ ഈസ്റ്റ് സൈഡിൽ അയൽവാസികളായിരുന്നു. “ഞങ്ങൾ വീണ്ടും വീണ്ടും ചോദിച്ചു — എന്തിനാണ് ദ്വീപിലേക്ക് പോയത്? എന്നാൽ അദ്ദേഹത്തിന്റെ മറുപടി, തനിക്ക് ഓർമ്മയില്ല, അതിന് വിശദീകരണമില്ല എന്നായിരുന്നു” എന്ന് വിർജീനിയയിൽ നിന്നുള്ള ഡെമോക്രാറ്റ് പ്രതിനിധി സുഹാസ് സുബ്രമണ്യം പറഞ്ഞു. അതേസമയം ലട്നിക് തന്റെ സ്വമേധയാ നൽകിയ സാക്ഷ്യത്തിൽ തുറന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ഹൗസ് ഓവർസൈറ്റ് ആൻഡ് ഗവൺമെന്റ് റീഫോം കമ്മിറ്റിയുടെ ചെയർമാനായ കെന്റക്കിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ നേതാവ് ജെയിംസ് കോമർ പറഞ്ഞു.
കോമർ പറഞ്ഞതനുസരിച്ച്, ലട്നിക്കിന്റെ കുടുംബവും സുഹൃത്തുക്കളും വിർജിൻ ദ്വീപുകളിൽ അവധിക്കാലം ആഘോഷിക്കുന്നതായി അറിഞ്ഞ എപ്സ്റ്റീൻ, അവരെ ഉച്ചഭക്ഷണത്തിന് ക്ഷണിക്കുകയായിരുന്നു. “ദ്വീപിലെ സന്ദർശനത്തെക്കുറിച്ച് ആദ്യം അദ്ദേഹം പൂർണ സത്യസന്ധനായിരുന്നില്ല. എന്നാൽ തന്റെ പ്രാരംഭ പ്രസ്താവനയിൽ അത് തിരുത്തി,” എന്നും കോമർ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിനോട് കള്ളം പറയുന്നത് റ്റമാണെന്നും, തെറ്റായ പ്രസ്താവന നൽകിയതായി കണ്ടെത്തിയാൽ നടപടി ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജനുവരിയിൽ അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട വലിയ ഫയൽ ശേഖരത്തിൽ, 2012ൽ ലട്നിക് എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപിൽ ഉച്ചഭക്ഷണത്തിന് എത്തിയിരുന്നുവെന്ന് കാണിക്കുന്ന ഇമെയിലുകൾ ഉൾപ്പെട്ടിരുന്നു. അതോടൊപ്പം, 2015 നവംബറിൽ തന്റെ സാമ്പത്തിക സ്ഥാപനത്തിൽ നടന്ന ഹിലരി ക്ലിന്റന്റെ ഫണ്ട്രൈസിങ് പരിപാടിയിലേക്ക് ലട്നിക് എപ്സ്റ്റീനിനെ ക്ഷണിച്ചിരുന്നുവെന്നും രേഖകൾ വ്യക്തമാക്കുന്നു.
ഫെബ്രുവരി 10ന് നടന്ന മറ്റൊരു ഹിയറിംഗിൽ, 14 വർഷത്തിനിടെ താനും എപ്സ്റ്റീനും ഏകദേശം 10 ഇമെയിലുകൾ മാത്രമാണ് കൈമാറിയതെന്നും, മൂന്നു തവണ മാത്രമാണ് നേരിൽ കണ്ടതെന്നും ലട്നിക് പറഞ്ഞിരുന്നു. ദ്വീപിൽ കുടുംബത്തോടൊപ്പം ഉച്ചഭക്ഷണം കഴിച്ചതിന്റെ കാരണം, അവർ സമീപത്ത് ബോട്ടിൽ യാത്ര ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. “എനിക്ക് അദ്ദേഹവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ആ വ്യക്തിയുമായി എനിക്ക് വളരെ കുറച്ച് മാത്രമാണ് ഇടപാട് ഉണ്ടായിരുന്നത്,” ലട്നിക് അന്ന് പറഞ്ഞിരുന്നു.



