തമിഴക വെട്രി കഴകം നേതാവ് വിജയ്ക്ക് നൽകിയിരുന്ന പ്രത്യേക സുരക്ഷാ സ്കെയിലും കോൺവോയ് സൗകര്യങ്ങളും തമിഴ്നാട് പൊലീസ് പിൻവലിച്ചു. തമിഴ്നാട് മുഖ്യമന്ത്രിക്ക് നൽകുന്ന സെഡ്-പ്ലസ് സുരക്ഷയ്ക്ക് തുല്യമായ പ്രോട്ടോക്കോളാണ് വിജയ്ക്ക് ഇതുവരെ നൽകിയിരുന്നത്. ടിവികെയുടെ സർക്കാർ രൂപീകരണ നീക്കം പ്രതിസന്ധിയിലായതോടെ ബുധനാഴ്ച രാത്രിയോടെയാണ് പൊലീസ് നടപടി സ്വീകരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ, സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് വിജയ് കഴിഞ്ഞദിവസം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ സന്ദർശിച്ചിരുന്നു. 234 അംഗ നിയമസഭയിൽ 108 സീറ്റുകളാണ് ടിവികെ നേടിയത്. എന്നാൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകൾ ടിവികെയ്ക്ക് ഉണ്ടെന്ന് ഗവർണർക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയ്യെ പിന്തുണയ്ക്കുന്ന മറ്റ് കക്ഷികളുടെ ഒപ്പിട്ട ഹാജർ പട്ടികയോ കത്തോ ഹാജരാക്കാൻ ഗവർണർ ആവശ്യപ്പെട്ടതായാണ് വിവരം.
മേയ് നാല്-ന് വോട്ടെണ്ണലിൻ്റെ ആദ്യ സൂചനകൾ ടിവികെയുടെ വലിയ വിജയത്തിലേക്ക് വിരൽ ചൂണ്ടിയതോടെയാണ് വിജയ്യുടെ വസതിയിലും പാർട്ടി ഓഫീസിലും പൊലീസ് സുരക്ഷ ശക്തമാക്കിയത്. ആരാധകരുടെയും പ്രവർത്തകരുടെയും തിരക്ക് നിയന്ത്രിക്കാനാണ് സുരക്ഷ വർദ്ധിപ്പിച്ചത് എന്ന് പൊലീസ് അന്ന് പറഞ്ഞിരുന്നെങ്കിലും ഒരു മുഖ്യമന്ത്രിക്ക് നൽകുന്നതിന് സമാനമായ സുരക്ഷാ ക്രമീകരണങ്ങളാണ് അദ്ദേഹത്തിന് ഒരുക്കിയിരുന്നത്. എന്നാൽ സർക്കാർ രൂപീകരണ നീക്കം അനിശ്ചിതത്വത്തിലായതോടെ ഈ പ്രത്യേക സുരക്ഷ പിൻവലിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
തമിഴ്നാട് പൊലീസിൻ്റെ പ്രത്യേക സുരക്ഷ പിൻവലിച്ചെങ്കിലും കേന്ദ്ര സർക്കാർ അനുവദിച്ച വൈ കാറ്റഗറി സുരക്ഷ വിജയ്ക്ക് തുടരും. സിആർപിഎഫ് അംഗങ്ങളാണ് അദ്ദേഹത്തിൻ്റെ യാത്രകളിലും താമസസ്ഥലത്തും സുരക്ഷ ഉറപ്പാക്കുന്നത്. ഇതിനുപുറമെ പാർട്ടിയുടെ സ്വകാര്യ സുരക്ഷാ ഗാർഡുകളുടെ സേവനവും വിജയ്ക്ക് ലഭ്യമാണ്. പൊതുപരിപാടികളിലും യാത്രകളിലും പ്രാദേശിക പൊലീസിൻ്റെ സഹായം തുടർന്നും ലഭിക്കും.



