തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ സംസ്ഥാനത്ത് റിസോർട്ട് രാഷ്ട്രീയം ശക്തമാകുന്നു. മറ്റ് പാർട്ടികൾ എംഎൽഎമാരെ സ്വാധീനിക്കുന്നത് തടയാൻ എഐഎഡിഎംകെയിലെ 15 ലധികം എംഎൽഎമാരെ ബുധനാഴ്ച അയൽസംസ്ഥാനമായ പുതുച്ചേരിയിലെ പ്രമുഖ റിസോർട്ടിലേക്ക് മാറ്റി. എടപ്പാടി പളനിസ്വാമിയുടെ വിശ്വസ്തനും രാജ്യസഭാ എംപിയുമായ സി.വി ഷൺമുഖത്തിന്റെ നേതൃത്വത്തിലാണ് എംഎൽഎമാരെ മാറ്റിയത്.
പുതുച്ചേരിയിലെ ‘ദി ഷോർ ത്രിശ്വം’ റിസോർട്ടിൽ 20ലധികം മുറികളാണ് പാർട്ടി ബുക്ക് ചെയ്തിരിക്കുന്നത്. നിലവിൽ വ്യാഴാഴ്ച വരെയാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളതെങ്കിലും രാഷ്ട്രീയ സാഹചര്യം മാറുന്നതനുസരിച്ച് കൂടുതൽ ദിവസങ്ങളിലേക്ക് ബുക്കിംഗ് നീട്ടാൻ സാധ്യതയുണ്ട്. പല എംഎൽഎമാരും ഇതിനോടകം പുതുച്ചേരിയിൽ എത്തിയതായും മറ്റുള്ളവർ യാത്രയിലാണെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു.



