തൃശൂര്‍: നാട്ടികയില്‍ ആറര കിലോ കഞ്ചാവും മാരകായുധങ്ങളും പിടികൂടിയ കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ. വലപ്പാട് കഴിമ്പ്രം തൊട്ടാരത്ത് നന്ദുകൃഷ്ണ (21)യാണ് അറസ്റ്റിലായത്.
ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മീന്പിടിത്തക്കാരന് എന്ന വ്യാജേന കഞ്ചാവ് വില്പന നടത്തിയിരുന്ന നാട്ടിക ബീച്ച് സ്വദേശി പുഞ്ചപ്പാടത്ത് വിഷ്ണുവിനെ (37) വന്‍ ലഹരിമരുന്ന് ശേഖരവുമായി മാര്‍ച്ച് ഒമ്പതിന് റൂറല്‍ പൊലീസ് പിടികൂടിയിരുന്നു.
വിഷ്ണുവിന്റെ വീടിന്റെ ടെറസില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ആറര കിലോ കഞ്ചാവും അഞ്ച് വടിവാളുകള്‍, കത്തി, എയര്‍ഗണ്‍, ഡിജിറ്റല്‍ ത്രാസ് എന്നിവ കണ്ടെടുത്തത്. നാട്ടിലെ തോടുകളിലും കുളങ്ങളിലും മീന്‍പിടിക്കാനെന്ന മട്ടില്‍ പോയി ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വച്ച് കഞ്ചാവ് കൈമാറുന്നതായിരുന്നു ഇവരുടെ രീതി.
ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമും വലപ്പാട് പൊലീസും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് വിഷ്ണു കുടുങ്ങിയത്. ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കിയിരുന്ന വലപ്പാട് സ്വദേശി പണിക്കവീട്ടില്‍ മുഹമ്മദ് ഷെജി (30) എന്നയാളെ മാര്‍ച്ച് 14നും അറസ്റ്റ് ചെയ്തിരുന്നു.



