കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗംഭീര വിജയം സ്വന്തമാക്കിയതിന് പിന്നാലെ വി.ഡി. സതീശനെ അനുകൂലിച്ച് മൂവാറ്റുപുഴയില്‍ വീണ്ടും ഫ്‌ളക്‌സ്. ‘വനവാസമല്ല, പട്ടാഭിഷേകം, കേരളം ജയിച്ചു വി.ഡി. നയിക്കും’ എന്ന വാചകങ്ങളോടെയാണ് പുതിയ ഫ്‌ളക്‌സ് ബോര്‍ഡ് എത്തിയിരിക്കുന്നത്. മൂവാറ്റുപുഴ പിഒ ജംഗഷനിലാണ് പുതിയ ഫ്‌ളക്‌സ് എത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുമ്പും വി.ഡി. സതീശനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ഫ്‌ളക്‌സുകള്‍ വിവിധ ജില്ലകളിലായി എത്തിയിരുന്നു. 102 സീറ്റ് നേടി അധികാരം ഉറപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് ഗൗരവമേറി. ഇതോടെയാണ് സതീശനെ അനുകൂലിച്ച് വീണ്ടും ഫ്‌ളക്‌സ് എത്തിയിരിക്കുന്നത്.
എംഎല്‍എമാരുടെ മനസ് അറിയാന്‍ എഐസിസി നിരീക്ഷകര്‍ എത്താനിരിക്കെ, പിന്തുണ സമാഹരിക്കലിനുള്ള ചരടുവലികളും സജീവമായി. വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്കായി ഇവരുടെ ഗ്രൂപ്പുകളും അനുയായികളും പിന്തുണ ഉറപ്പിക്കാനുള്ള തിരക്കിലാണ്.



