കോട്ടയം: കേരള രാഷ്ട്രീയ ചരിത്രത്തിൽ നിർണായക ശക്തിയായിരുന്ന കേരള കോൺഗ്രസ് എമ്മിനെ പൂർണമായും തകർത്ത തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നത്. മത്സരിച്ച എല്ലാ സീറ്റിലും തോറ്റുകൊണ്ടാണ് കേരള കോൺഗ്രസ് എം കേരള രാഷ്ട്രീയത്തിൽ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയത്.
12 സീറ്റുകളിലാണ് ജോസ് കെ. മാണിയും കൂട്ടരും മത്സരിച്ച് പരാജയപ്പെട്ടത്. പാർട്ടി രൂപീകരണത്തിന് ശേഷം ഇതാദ്യമായാണ് നിയമസഭയിൽ ഒരു അംഗം പോലും ഇല്ലാത്ത അവസ്ഥയിലേക്ക് കേരള കോൺഗ്രസ് എം വീണുപോയത്.
ഇത്തവണ പാലാ തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസം കേരള കോൺഗ്രസ് എമ്മിന് ഉണ്ടായിരുന്നെങ്കിലും പ്രതീക്ഷകളെല്ലാം തകർന്നടിഞ്ഞു. പാലായിൽ മാത്രമല്ല അങ്ങ് ഇടുക്കിയിൽ പാർട്ടിയുടെ മന്ത്രി റോഷി അഗസ്റ്റിനും കാഞ്ഞിരപ്പള്ളിയിൽ സർക്കാർ ചീഫ് വിപ്പ് ജയരാജും തോറ്റു.
അതേസമയം മത്സരിച്ച എട്ടിൽ ഏഴു സീറ്റിലും ജയിച്ച് ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ ചാന്പ്യൻമാരുമായി. പി.ജെ. ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിന് കാഞ്ഞങ്ങാട് ഒഴികെ മത്സരിച്ച എല്ലാ സീറ്റിലും തകർപ്പൻ വിജയം നേടി.
പി.ജെ. ജോസഫിന്റെ പിൻഗാമിയായി തൊടുപുഴയിൽ മത്സരിച്ച മകൻ അപു ജോൺ ജോസഫ് 40,000ൽ ഏറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഗംഭീര വിജയം നേടി.



