കണ്ണൂർ: സംസ്ഥാനത്തെ ഇടതുമുന്നണിയുടെ കനത്ത തോൽവിക്ക് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം സിപിഎമ്മിനെ സംബന്ധിച്ച് ഒന്നിന്റെയും അവസാനമല്ലെന്ന് ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു
ഈ തെഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് പാർട്ടി സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠഭാഗങ്ങളുണ്ട്. അത് പാർട്ടി നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.അതിൽ നേരത്തെ തുടങ്ങിവച്ച തെറ്റുതിരുത്തൽ പ്രക്രിയ തുടരേണ്ടതിന്റെ ആവശ്യകതയും ഉൾപ്പെടും.
കമ്യൂണിസ്റ്റുകാർ പാർലമെന്ററി വ്യവസ്ഥയിൽ ഏർപ്പെടുമ്പോൾ പലതരം ജീർണതകളും കടന്നുവരും. അത്തരം ജീർണതകൾ ചർച്ച ചെയ്ത് തിരുത്താതിരുന്നാൽ ജനങ്ങൾക്കിടയിൽ പാർട്ടിയെക്കുറിച്ചുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേൽക്കുമെന്നും ജയരാജൻ കുറിച്ചു.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സമരപോരാട്ടങ്ങളുടെ ത്യാഗഭരിതമായ ചരിത്രമുണ്ട്. ആ സമര പോരാട്ടം ഏറ്റവുമൊടുവിൽ നോയിഡയിൽ ഉൾപ്പെടെ ഈയിടെ നടന്ന തൊഴിലാളി പ്രക്ഷോഭങ്ങളിലൂടെ വ്യക്തമായതാണ്.
മോദി സർക്കാർ ഇന്ത്യൻ കർഷിക മേഖല കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കാൻ ശ്രമിച്ചപ്പോൾ അതിനെ ഇന്ത്യയിലെ കർഷകർ ചെറുത്ത് തോൽപ്പിച്ചത് ഇടതുപക്ഷത്തിന് പാർലമെന്റിലുള്ള അംഗബലം കൊണ്ടല്ലെന്ന് തിരിച്ചറിയണം. ഉത്തരേന്ത്യയിലെ കർഷകരുടെ ഐതിഹാസികമായ സമരത്തെ തുടർന്ന് ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ പാർലമെന്റിന് ഈ മൂന്ന് ബില്ലും പിൻവലിക്കേണ്ടിവന്നെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.



