ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി ഫ്ളക്സ് പോരാട്ടം തുടരുന്നു. ഡല്‍ഹിയിലും തിരുവനന്തപുരത്തും കെ.സി. വേണുഗോപാലിനായി ഫ്ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടു.

ഡല്‍ഹി കേരള ഹൗസിന് മുന്നിലും കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിലുമാണ് ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെയും എന്‍ജിഒ അസോസിയേഷന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും പേരിൽ സ്ഥാപിച്ച ഫ്ലക്‌സുകളിൽ “നയിച്ചവന്‍ നായകന്‍, ദ റിയൽ ലീഡർ’ എന്നാണ് കുറിച്ചിരിക്കുന്നത്.

അതേസമയം, ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ പേരില്‍ വെച്ച മറ്റൊരു ഫ്ലക്‌സില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കെ.സിയുടെയും ചിത്രമാണുള്ളത്. ഇന്ദിരാഭവന് മുന്നിലെ ഫ്ലക്‌സ് ബോര്‍ഡില്‍ “കുഞ്ഞൂഞ്ഞിന് ശേഷം കെ.സി’ എന്നാണ് എഴുതിയിരിക്കുന്നത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രത്തിനൊപ്പമാണ് കെ.സിയുടെ ചിത്രവും ചേർത്തിരിക്കുന്നത്.