വിശുദ്ധനാട്ടിലെ മുഴുവൻ ജനസംഖ്യയുടെ വെറും 2% മാത്രമേ ക്രൈസ്തവരുള്ളൂ എന്ന് വെളിപ്പെടുത്തി ബെനഡിക്റ്റൈൻ ആബട്ട് നിക്കോഡെമസ് ഷ്നാബെൽ. ഇത് ഭാവിയിൽ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും എല്ലാവരുടെയും പ്രാർഥന ആവശ്യമാണെന്നും അദ്ദേഹം അഭ്യർഥിച്ചു. എങ്കിലും സ്ഥിതിഗതികൾ പഴയപടിയാക്കാൻ കഴിയുമെന്നും ആബട്ട് നിക്കോഡെമസ് പ്രത്യാശ പ്രകടിപ്പിച്ചു.

യുദ്ധം, സാമ്പത്തിക പ്രതിസന്ധി, മറ്റ് ബുദ്ധിമുട്ടുകൾ എന്നിവയാൽ ക്ലേശിക്കുന്ന ജറുസലേമിന്റെ ഹൃദയഭാഗത്തുള്ള പ്രദേശത്തെ ക്രൈസ്തവരുടെ അവസ്ഥ ആബട്ട് വിവരിച്ചു. “ചെക്ക് റിപ്പബ്ലിക് അല്ലെങ്കിൽ കിഴക്കൻ ജർമ്മനി പോലുള്ള യൂറോപ്പിലെ കൂടുതൽ മതേതരവൽക്കരിക്കപ്പെട്ട പ്രദേശങ്ങളെക്കുറിച്ച് ചിന്തിക്കുക. അവിടെപ്പോലും ക്രൈസ്തവർ ഇവിടെയുള്ളതിനേക്കാൾ പലമടങ്ങ് കൂടുതലാണ്. വിശുദ്ധനാട് ഒരുതരം ‘ക്രിസ്ത്യൻ ഡിസ്നിലാൻഡ്’ ആയി മാറുമെന്ന് ഞാൻ ഭയപ്പെടുന്നു. സന്യാസിമാരും പുരോഹിതന്മാരുമുള്ള പുണ്യസ്ഥലങ്ങൾ നിലനിൽക്കും. എന്നാൽ, ക്രിസ്ത്യൻ കുടുംബങ്ങളോ, യുവജനങ്ങളോ, സാധാരണ ക്രൈസ്തവജീവിതമോ ഉണ്ടാകണമെന്നില്ല” – ആബട്ട് മുന്നറിയിപ്പ് നൽകി.

നിലവിൽ ഇസ്രായേൽ, പാലസ്തീൻ പ്രവിശ്യകളിലായി വസിക്കുന്നവരാണ് വിശുദ്ധനാട്ടിലെ ക്രൈസ്തവർ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ മേഖലയിലെ ജനസംഖ്യയുടെ പത്ത് ശതമാനത്തിലധികം ക്രൈസ്തവരായിരുന്നു. എന്നാൽ യുദ്ധങ്ങൾ, സാമ്പത്തിക പ്രതിസന്ധി, രാഷ്ട്രീയ അസ്ഥിരത എന്നിവ മൂലം ക്രൈസ്തവർ കൂട്ടത്തോടെ വിദേശങ്ങളിലേക്ക് കുടിയേറുന്നത് ജനസംഖ്യ കുറയാൻ പ്രധാന കാരണമായി.

മതപരമായ വേർതിരിവുകൾ, തൊഴിലില്ലായ്മ, നിരന്തരമായ സംഘർഷങ്ങൾ എന്നിവയും വിശുദ്ധനാട്ടിലെ ക്രൈസ്തവകുടുംബങ്ങളെ വലിയ തോതിൽ ബാധിക്കുന്നുണ്ട്. സമാധാനപരമായ ജീവിതം തേടിയാണ് ഭൂരിഭാഗം പേരും പലായനം ചെയ്യുന്നത്. ജനസംഖ്യ കുറയുന്നുണ്ടെങ്കിലും, ഈ മേഖലയിലെ സ്കൂളുകൾ, ആശുപത്രികൾ, മറ്റ് സാമൂഹികസേവന സ്ഥാപനങ്ങൾ എന്നിവ നടത്തുന്നതിൽ ക്രൈസ്തവസഭകൾ ഇപ്പോഴും നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. തീർഥാടകരുടെ വരവ് പ്രാദേശിക ക്രൈസ്തവർക്ക് സാമ്പത്തികമായി വലിയ താങ്ങാണ് നൽകുന്നത്.