ഒരു കാലത്ത് സെര്‍ച്ച് എഞ്ചിന്‍ രംഗത്ത് ഗൂഗിളിന് വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്ന Ask.com സേവനം അവസാനിപ്പിച്ചു. ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ആദ്യകാലത്ത്, ചോദ്യങ്ങള്‍ ചോദിച്ചാല്‍ മറുപടി നല്‍കുന്ന ‘ജീവ്‌സ്’ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിലൂടെയാണ് ഈ വെബ്‌സൈറ്റ് ജനപ്രിയമായത്. ഗൂഗിള്‍, ബിങ് തുടങ്ങിയ സെര്‍ച്ച് എഞ്ചിനുകളുടെ ആധിപത്യവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സെര്‍ച്ചുകളുടെ വരവുമാണ് Ask.com-നെ പിന്നിലാക്കിയത്.

സെര്‍ച്ച് എഞ്ചിന്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനം അവസാനിപ്പിച്ച്, ഉപയോക്താക്കള്‍ക്ക് വിവരങ്ങള്‍ നല്‍കുന്ന ഒരു ‘നോളജ് പ്ലാറ്റ്ഫോം’ ആയി മാറാനാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഇടക്കാലത്ത് ഒഴിവാക്കിയെങ്കിലും പിന്നീട് മടങ്ങിയെത്തിയ ‘Ask Jeeves’ എന്ന ബ്രാന്‍ഡ് നാമത്തിനും പുതിയ കാലത്തെ വേഗതയ്ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഇന്റര്‍നെറ്റ് ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായത്തിനാണ് ഇതിലൂടെ തിരശ്ശീല വീഴുന്നത്. 90-കളില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചു തുടങ്ങിയവര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു ഈ പ്ലാറ്റ്ഫോം.