ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതക വില വർധിപ്പിക്കണമെന്ന ആവശ്യവുമായി എണ്ണക്കമ്പനികൾ കേന്ദ്ര സർക്കാരിനെ സമീപിച്ചു. നിലവിൽ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും വില പുതുക്കി നിശ്ചയിക്കാൻ അടിയന്തരമായി അനുമതി വേണമെന്നുമാണ് കമ്പനികളുടെ ആവശ്യം. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയതാണ് കമ്പനികളെ സമ്മർദത്തിലാക്കുന്നത്.
പെട്രോൾ വിൽപ്പനയിൽ നിലവിൽ ലിറ്ററിന് 20 രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയിലെ ഈ പ്രവണത തുടർന്നാൽ ഡീസൽ വിൽപ്പനയിലെ നഷ്ടം ലിറ്ററിന് 100 രൂപയിലേക്ക് വരെ എത്തിയേക്കാമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. ലിറ്ററിന് 10 മുതൽ 20 രൂപ വരെ വർധന വേണമെന്നാണ് എണ്ണക്കമ്പനികളുടെ ആവശ്യം. എന്നാൽ, കമ്പനികളുടെ ശിപാർശയിൽ കേന്ദ്ര സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായെങ്കിലും ഇന്ധനവില വർധിപ്പിക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിനു കാരണമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. വിലക്കയറ്റത്തിന് വഴിവയ്ക്കുന്ന ഇത്തരം നീക്കങ്ങൾ സാധാരണക്കാരെ നേരിട്ട് ബാധിക്കുമെന്നതിനാൽ നിലവിൽ വില വർധിപ്പിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണു കേന്ദ്രം. ഇന്ധനവില വർദ്ധന സംബന്ധിച്ച യാതൊരു ശിപാർശയും നിലവിൽ മന്ത്രാലയത്തിന്റെ പരിഗണനയിലില്ലെന്ന് പെട്രോളിയം മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, വില വർധിപ്പിക്കാനുള്ള നീക്കമുണ്ടായാൽ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. ജനങ്ങളെ ദുരിതത്തിലാക്കുന്ന തീരുമാനങ്ങളിൽനിന്ന് സർക്കാർ പിന്മാറണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നിലവിൽ കേന്ദ്രത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് എണ്ണക്കമ്പനികൾ.



