ലോകപ്രശസ്തമായ തിരുമല ശ്രീവാരി ലഡു നിർമ്മാണത്തിന് ഉപയോഗിച്ച നെയ്യിൽ മായം കലർന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ ദിനേഷ് കുമാർ സമർപ്പിച്ച റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ.
ടി.ടി.ഡി (തിരുമല തിരുപ്പതി ദേവസ്ഥാനം) മുൻ എക്സിക്യൂട്ടീവ് ഓഫീസർ എ.വി. ധർമ്മ റെഡ്ഡിയാണ് ഈ ക്രമക്കേടുകൾക്ക് പ്രധാന ഉത്തരവാദിയെന്ന് ഏകാംഗ സമിതി കണ്ടെത്തി. ടെണ്ടർ ചട്ടങ്ങളിൽ വരുത്തിയ ഇളവുകളും ഗുണനിലവാര പരിശോധനയിലെ അനാസ്ഥയും വ്യാജ കമ്പനികളുടെ ഇടപെടലുമാണ് പവിത്രമായ പ്രസാദത്തിന്റെ ഗുണനിലവാരത്തെ ബാധിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
നെയ്യ് വാങ്ങുന്നതിനുള്ള ടെണ്ടർ നിബന്ധനകളിൽ ബോധപൂർവ്വം ഇളവുകൾ വരുത്തി. ഇത് അയോഗ്യരായ വിതരണക്കാർക്ക് കരാർ ലഭിക്കാൻ ഇടയാക്കി. വിതരണക്കാരുടെ വിശ്വാസ്യതയോ പ്രവർത്തനക്ഷമതയോ പരിശോധിക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടു.2022 ഓഗസ്റ്റിൽ ‘ബോലെ ബാബ ഡയറി’, ‘വൈഷ്ണവി’, ‘പ്രീമിയർ ഡയറീസ്’ എന്നിവയുടെ നെയ്യിൽ മായം കണ്ടെത്തിയിട്ടും അവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയില്ല. ബോലെ ബാബ ഡയറിയെ അയോഗ്യരാക്കിയിട്ടും വിതരണം തുടരാൻ അനുവദിച്ചത് ഭരണപരമായ വലിയ വീഴ്ചയാണ്.
നെയ്യിലെ മായം കണ്ടെത്താനുള്ള നിർബന്ധിത ‘ബീറ്റാ-സിറ്റോസ്റ്റീറോൾ’ (beta-sitosterol) പരിശോധന കരാർ വ്യവസ്ഥകളിൽ ഉൾപ്പെടുത്തിയില്ല. ടി.ടി.ഡി ലാബുകൾ നവീകരിക്കാനോ എഫ്.എസ്.എസ്.എ.ഐ (FSSAI) മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കാനോ അധികൃതർ തയ്യാറായില്ല. മായം കലർന്ന നെയ്യ് വിതരണം ചെയ്യുന്ന കാര്യം ഭരണസമിതിയുടെ ശ്രദ്ധയിൽപ്പെടുത്തിയില്ല. അനിൽ കുമാർ സിംഗാൾ, ബാലാജി തുടങ്ങിയ ഉദ്യോഗസ്ഥർ അപകടസാധ്യതകൾ വിലയിരുത്താതെ ടെണ്ടർ വ്യവസ്ഥകളിൽ ഇളവ് നൽകിയതായും റിപ്പോർട്ടിലുണ്ട്.



