ഭോപ്പാൽ: മധ്യപ്രദേശിലെ ബാർഗി ഡാമിന് സമീപം നർമ്മദാ നദിയിൽ ക്രൂയിസ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ അമ്മയും നാല് വയസുകാരനായ മകനും മരിച്ചു.
വെള്ളിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ച നിലയിലായിരുന്നു അമ്മയുടെ മൃതദേഹം രക്ഷപ്രവർത്തകർ കണ്ടെത്തിയത്.
ഡൽഹിയിൽ നിന്നുള്ള നാലംഗ വിനോദസഞ്ചാര സംഘത്തിലെ അംഗങ്ങളാണ് ഇവർ. അപകടത്തിൽപ്പെട്ട പിതാവും മകളും രക്ഷപ്പെട്ടു. ഇതുവരെ ആറ് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിത്.
പെട്ടന്നുണ്ടായ കാലാവസ്ഥാ വ്യതിയാനവും കാറ്റുമാണ് ബോട്ട് നിയന്ത്രണം വിട്ട് മറിയാൻ കാരണമായത്. നിമിഷങ്ങൾക്കുള്ളിൽ ബോട്ട് വെള്ളത്തിനടിയിലായി.
നിലവിൽ 24 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇതിൽ 17 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ച് കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേരെ ഇനിയും കണ്ടെത്താനുണ്ട്. തിരച്ചിൽ തുടരുകയാണ്.



