രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോ എൽപിജി സിലിണ്ടറുകളുടെ വിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. സിലിണ്ടറിന് 993 രൂപയാണ് ഇന്ന് മുതൽ വർദ്ധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായി ഉയർന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല എന്നത് സാധാരണക്കാർക്ക് ആശ്വാസകരമാണ്.
ആഗോളതലത്തിൽ ഇന്ധനവില ഉയരുന്നുണ്ടെങ്കിലും ആഭ്യന്തര വിമാനക്കമ്പനികൾക്കുള്ള ഏവിയേഷൻ ടർബൈൻ ഫ്യുവൽ (ATF) വിലയിൽ വെള്ളിയാഴ്ച മാറ്റം വരുത്തിയിട്ടില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC) അറിയിച്ചു. വിമാനക്കമ്പനികളെയും ഉപഭോക്താക്കളെയും സംരക്ഷിക്കുന്നതിനായി ആഗോള വിപണിയിലുണ്ടായ വിലവർദ്ധനവ് എണ്ണക്കമ്പനികൾ തന്നെ ഏറ്റെടുക്കുകയായിരുന്നു.



