പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (EVM) കൃത്രിമം കാണിക്കാൻ ശ്രമിച്ചാൽ മരണം വരെ പോരാടുമെന്ന ശക്തമായ മുന്നറിയിപ്പുമായി മുഖ്യമന്ത്രി മമത ബാനർജി.

കൊൽക്കത്തയിലെ സഖാവത്ത് മെമ്മോറിയൽ സ്കൂളിലെ സ്ട്രോങ്ങ് റൂമിൽ മൂന്ന് മണിക്കൂറിലധികം ചെലവഴിച്ച ശേഷമാണ് മമതയുടെ ഈ പ്രതികരണം. വോട്ടിംഗ് മെഷീനുകളിലോ വോട്ടെണ്ണൽ പ്രക്രിയയിലോ മാറ്റം വരുത്താൻ ശ്രമിച്ചാൽ അത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴി വെക്കുമെന്ന് അവർ വ്യക്തമാക്കി.

സ്ട്രോങ്ങ് റൂമുകളിൽ അസാധാരണമായ നീക്കങ്ങൾ നടക്കുന്നുവെന്നാരോപിക്കുന്ന വീഡിയോ തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു മമതയുടെ സന്ദർശനം. ഭവാനിപൂർ മണ്ഡലത്തിലെ ഇവിഎമ്മുകളും ബാലറ്റുകളും സൂക്ഷിച്ചിരിക്കുന്ന കേന്ദ്രത്തിലാണ് മമത എത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ ക്രമക്കേട് കണ്ടതിനാലാണ് താൻ നേരിട്ടെത്തിയതെന്ന് അവർ പറഞ്ഞു.