പോളണ്ടിൽ നിർമ്മിച്ച ശ്രദ്ധേയമായ ചലച്ചിത്രം ‘സെന്റ് ജോസഫ്, ഗാർഡിയൻ ഓഫ് ദ ഫാമിലി’ (Saint Joseph, Guardian of the Family) ഈ ആഴ്ച മുതൽ അമേരിക്കയിലെ വിവിധയിടങ്ങളിൽ പ്രദർശനത്തിനെത്തി. 17 സംസ്ഥാനങ്ങളിലായി 60-ഓളം നഗരങ്ങളിലാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. തീയറ്ററുകളിൽ വലിയ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് ഈ സംരംഭത്തെ വിജയിപ്പിക്കാൻ അന്താരാഷ്ട്ര കത്തോലിക്കാ ചലച്ചിത്രമേള (International Catholic Film Festival) വിശ്വാസികളോട് ആഹ്വാനം ചെയ്തു.
സിനിമയുടെ അമേരിക്കയിലെ വിതരണ ചുമതലയുള്ള ഗാബി ജാക്കോബയുടെ വാക്കുകളിൽ, ഇത് വെറുമൊരു ചലച്ചിത്ര പ്രദർശനമല്ല, മറിച്ച് വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തിയുടെയും സ്നേഹത്തിന്റെയും പ്രകടനം കൂടിയാണ്. ബോക്സ് ഓഫീസ് വിജയം കൈവരിച്ചാൽ മാത്രമേ സിനിമയ്ക്ക് കൂടുതൽ ഹൃദയങ്ങളിലേക്ക് എത്താനും ദീർഘകാലം തീയറ്ററുകളിൽ തുടരാനും സാധിക്കൂ എന്ന് അദ്ദേഹം വിശദീകരിച്ചു. അതേസമയം കുടുംബബന്ധങ്ങളെ കാത്തുസൂക്ഷിക്കുന്ന കാവൽക്കാരനായി വിശുദ്ധനെ അവതരിപ്പിക്കുന്ന ഈ ചിത്രം വലിയ പ്രതീക്ഷയോടെയാണ് വിശ്വാസി സമൂഹം നോക്കിക്കാണുന്നത്.
യഥാർഥ ജീവിതാനുഭവങ്ങളെ കോർത്തിണക്കിയാണ് സംവിധായകൻ ദാരിയൂസ് റെഗുക്കി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വിശുദ്ധ യൗസേപ്പിതാവിനെ കേവലം ഒരു സാങ്കൽപ്പിക രൂപമായല്ല, മറിച്ച് ദൈവഹിതത്തിന് പൂർണ്ണമായി കീഴ്വഴങ്ങുന്ന, പരാതികളില്ലാതെ കടമകൾ നിർവഹിക്കുന്ന ലളിതനായ ഒരു മനുഷ്യനായാണ് താൻ ചിത്രീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ജീവിതത്തിലെ കഷ്ടപ്പാടുകൾക്കിടയിലും പ്രത്യാശയോടെ മുന്നേറാൻ ഈ സിനിമ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു.
അമേരിക്കയിലെ കുടുംബങ്ങൾക്കുള്ള ഒരു വലിയ സമ്മാനമായാണ് ഈ പ്രീമിയറിനെ സംഘാടകർ വിശേഷിപ്പിക്കുന്നത്. പ്രത്യാശ, ക്ഷമ, സ്നേഹം എന്നീ മൂല്യങ്ങൾ ലോകമെമ്പാടുമുള്ള കുടുംബങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പോളിഷ് നിർമ്മിതമായ ഈ ചിത്രത്തിന്റെ പ്രധാന ദൗത്യം. കുടുംബനാഥനായും മദ്ധ്യസ്ഥനായും വിശുദ്ധ യൗസേപ്പിതാവിനെ സ്വീകരിക്കുന്നത് ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഗാബി ജാക്കോബ ഉറച്ചു വിശ്വസിക്കുന്നു. ഒരു ‘വിശ്വാസ പോരാട്ടം’ എന്ന നിലയിൽ ഈ ചിത്രം കാണാൻ എല്ലാവരും തീയറ്ററുകളിൽ എത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.



