സഭയുടെ വാതിലുകൾ എല്ലാവർക്കുമായി എപ്പോഴും തുറന്നിടണമെന്നും വൈദികർ ഒരിക്കലും വിശ്വാസികൾക്ക് മുന്നിൽ ഒരു ‘ഫിൽട്ടർ’ ആയി മാറരുതെന്നും ലെയോ പതിനാലാമൻ മാർപാപ്പ. ഉയിർപ്പുകാലത്തിലെ നാലാം ഞായറാഴ്ച (നല്ല ഇടയന്റെ ഞായർ) സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന പൗരോഹിത്യ സ്വീകരണ ചടങ്ങിൽ വചനപ്രഘോഷണം നടത്തുകയായിരുന്നു പാപ്പ. റോം രൂപതയിലേക്കുള്ള എട്ട് പേരുൾപ്പെടെ പത്ത് പുതിയ വൈദികരെയാണ് മാർപാപ്പ അഭിഷേകം ചെയ്തത്.
തടസ്സങ്ങളില്ലാതെ ദൈവത്തിലേക്ക് ജനങ്ങളെ എത്തിക്കുന്ന ഒരു ‘ചാനലായി’ മാറണം വൈദികരെന്ന് ഓർമ്മിപ്പിച്ച മാർപാപ്പ, “ഈ വിശുദ്ധവാതിൽ ഒരിക്കലും മറച്ചുവയ്ക്കരുത്, അത് അടയ്ക്കരുത്. അകത്തു പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കു മുന്നിൽ നിങ്ങളൊരു തടസ്സമാകരുത്” എന്ന് ഉദ്ബോധിപ്പിച്ചു. പ്രവേശനകവാടത്തിന്റെ താക്കോൽ ഒളിപ്പിച്ചുവയ്ക്കുന്നവരെ ശാസിച്ച യേശുവിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, സഭ എല്ലാവർക്കും പ്രാപ്യമായ ഒരിടമായിരിക്കണമെന്ന് പാപ്പ വ്യക്തമാക്കി.
അതേസമയം, പുരോഹിതരുടെ ബ്രഹ്മചര്യത്തെ ദമ്പതികളുടെ സ്നേഹത്തോടാണ് മാർപാപ്പ ഉപമിച്ചത്. ദൈവരാജ്യത്തിനു വേണ്ടിയുള്ള ബ്രഹ്മചര്യം എപ്പോഴും പുതുക്കപ്പെടണമെന്നും ക്രിസ്തുവുമായുള്ള ബന്ധം പുരോഹിതനെ കൂടുതൽ മനുഷ്യത്വമുള്ളവനാക്കുമെന്നും പാപ്പ പറഞ്ഞു. ജീവിതം വെറും ഇടവകയിലോ, ഒരു ഗ്രൂപ്പിലോ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്ന് ഓർമ്മിപ്പിച്ച മാർപാപ്പ, ലോകത്തിലേക്ക് ഇറങ്ങിച്ചെന്ന് സംസ്‌കാരങ്ങളെയും ജനങ്ങളെയും നേരിടാൻ പുതിയ വൈദികരോട് ആവശ്യപ്പെട്ടു.
ഇന്നത്തെ കാലത്ത് സുരക്ഷിതത്വത്തിനായുള്ള അന്വേഷണം സമൂഹങ്ങളെ ഒറ്റപ്പെടുത്തുന്നതിലേക്കും ശത്രുക്കളെ തിരയുന്നതിലേക്കും നയിക്കുന്നതിനെ മാർപാപ്പ വിമർശിച്ചു. പുരോഹിതരുടെ സുരക്ഷ അവരുടെ പദവിയിലല്ല, മറിച്ച് ക്രിസ്തുവിന്റെ ഉത്ഥാനത്തിലാണ് അടങ്ങിയിരിക്കുന്നതെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. പരസ്പരവിദ്വേഷം പുലർത്തുന്നവരെ അടുപ്പിക്കാനും സമാധാനത്തിന്റെ ശിൽപികളാകാനും ശ്രമിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ലെയോ പാപ്പ പ്രസംഗം അവസാനിപ്പിച്ചത്.



