പാകിസ്ഥാനില്‍ അജ്ഞാതന്റെ വെടിവെപ്പില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ ഷെയ്ഖ് യൂസഫ് അഫ്രീദി കൊല്ലപ്പെട്ടു. പാകിസ്ഥാനില്‍ ഭീകരനേതാക്കളെ ലക്ഷ്യമിട്ട് തുടരുന്ന അജ്ഞാത ആക്രമണങ്ങളില്‍ ഏറ്റവും പുതിയതാണ് ഷെയ്ഖ് യൂസഫ് അഫ്രീദിയുടെ കൊലപാതകം. ഖൈബര്‍ പഖ്തുന്‍ഖ്വ മേഖലയിലെ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക കണ്ണിയായിരുന്നു ഇയാള്‍. ഇതൊരു ആസൂത്രിത കൊലപാതകമായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.
കഴിഞ്ഞ കുറച്ചുമാസങ്ങളായി പാകിസ്ഥാനില്‍ വിവിധ ഭീകരസംഘടനകളിലെ ഉന്നതര്‍ സമാനമായ രീതിയില്‍ കൊല്ലപ്പെടുന്നുണ്ട്. കഴിഞ്ഞ മാസം ലാഹോറില്‍ വെച്ച് ലഷ്‌കര്‍ സ്ഥാപകാംഗമായ അമീര്‍ ഹംസയ്ക്ക് നേരെ വെടിവെപ്പുണ്ടായെങ്കിലും ഇയാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ ജ്യേഷ്ഠന്‍ മുഹമ്മദ് താഹിര്‍ അന്‍വര്‍ കഴിഞ്ഞ മാസം ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. അതേപോലെ 2024 ല്‍ ജമ്മു കശ്മീരിലെ റിയാസിയില്‍ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഹാഫിസ് സയീദിന്റെ അടുത്ത സഹായിയുമായ അബു ഖത്തല്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഝലം സിന്ധില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു.
2023 മുതല്‍ പാകിസ്ഥാനില്‍ ഭീകരരെ ലക്ഷ്യമിടുന്നത് വര്‍ദ്ധിച്ചുവരികയാണ്. 2026 ല്‍ മാത്രം ലഷ്‌കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ സംഘടനകളിലെ 30-ഓളം ഭീകരര്‍ ലാഹോര്‍, കറാച്ചി തുടങ്ങിയ നഗരങ്ങളില്‍ വെച്ച് അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടിട്ടുണ്ട്. പാകിസ്ഥാന്‍ സുരക്ഷിത താവളമായി ഉപയോഗിക്കുന്ന ഭീകരര്‍ക്കെതിരെ നടക്കുന്ന ഈ ‘അജ്ഞാത’ നീക്കങ്ങള്‍ അന്താരാഷ്ട്ര തലത്തിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.



