ഡൽഹി മദ്യനയക്കേസിൽ കോടതി നടപടികളുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജരിവാൾ. കേസിന്റെ വാദം കേൾക്കുന്നതിനായി നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകില്ലെന്ന് വ്യക്തമാക്കി അദ്ദേഹം ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയ്ക്ക് കത്ത് നൽകി. ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയിൽ നിന്ന് തനിക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും അതിനാൽ മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ പാത പിന്തുടരാൻ തീരുമാനിച്ചതായും കെജരിവാൾ കത്തിൽ ചൂണ്ടിക്കാട്ടി.

തന്റെ മനസാക്ഷിയുടെ ശബ്ദം കേട്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് കെജരിവാൾ വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള അവകാശം തനിക്കുണ്ടെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു. ജസ്റ്റിസ് സ്വരണ കാന്തയ്ക്ക് അയച്ച കത്തിന്റെ പകർപ്പ് കെജരിവാൾ തന്റെ എക്സ് (X) ഹാൻഡിലിലൂടെ പങ്കുവെച്ചിട്ടുണ്ട്. ദുഷ്‌കരമായ പാതയാണോ അതോ എളുപ്പമുള്ള പാതയാണോ തിരഞ്ഞെടുക്കേണ്ടതെന്ന സന്ദേഹത്തിലാണ് താൻ നിൽക്കുന്നതെന്ന് എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

മദ്യനയക്കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ മാറണമെന്ന് ആവശ്യപ്പെട്ട് കെജരിവാൾ നേരത്തെ ഹർജി നൽകിയിരുന്നു. എന്നാൽ ഈ ഹർജി ഡൽഹി ഹൈക്കോടതി തള്ളുകയായിരുന്നു. കെജരിവാളിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു കോടതി അന്ന് ഹർജി തള്ളിയത്.