മാവേലിക്കര: ചെണ്ട വിദ്വാന് മാവേലിക്കര കോട്ടയ്ക്കകം ശ്രീപാദത്തില്‍ കലാമണ്ഡലം ശ്രീകാന്ത് വര്‍മ (കണ്ണന്-49) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍.
കേരളപാണിനി എ.ആര്. രാജരാജവര്‍മ സ്മാരക ഭരണസമിതി മുന്‍ പ്രസിഡന്റും റിട്ട. അധ്യാപകനും ആയിരുന്ന മാവേലിക്കര കോട്ടയ്ക്കകം ശ്രീപാദത്തില്‍ പരേതനായ പ്രഫ. ആര്.ആര്.സി. വര്‍മയുടെയും റിട്ട. സംഗീത അധ്യാപിക ശാന്താദേവിയുടെയും മകനാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടിലായിരുന്നു അന്ത്യം.
ഇടയ്ക്കയിലും തായമ്പകയിലും ഒരേപോലെ പ്രാവീണ്യം തെളിയിച്ച ചുരുക്കം കലാകാരന്മാരില് ഒരാളായിരുന്നു അദ്ദേഹം. കണ്ണമ്പള്ളി കഥകളിയോഗം, ശ്രീവല്ലഭവിലാസം കഥകളിയോഗം തുടങ്ങിയവയുമായി ചേര്‍ന്ന് അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഷേക്സ്പിയര് നാടകമായ ഒഥല്ലോ ആട്ടക്കഥാ രൂപത്തില്‍ അവതരിപ്പിച്ചപ്പോള്‍ അതിന് പിന്നണിയില്‍ ചെണ്ട വായിച്ചതും ശ്രീകാന്ത് വര്‍മയായിരുന്നു. കഥകളിയിലെ ഓരോ കഥാപാത്രത്തിന്റെയും ഭാവങ്ങള്‍ക്കനുസരിച്ച് ചെണ്ടയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധേയമായിരുന്നു. ഭാര്യ: ധന്യ. മകള്‍: ശ്രീധ.



