111 കൊല്ലം മുൻപ് നടന്ന വംശഹത്യയെ അതിജീവിച്ച അർമേനിയൻ ക്രൈസ്തവർ ഇന്നും തങ്ങളുടെ പോരാട്ടം തുടരുകയാണ്. ഏപ്രിൽ 24 -നായിരുന്നു അർമേനിയൻ വംശഹത്യയുടെ 111-ാം വാർഷികം.

നൂറ് കൊല്ലം മുൻപ് നടന്ന വംശഹത്യയെ അതിജീവിച്ച അർമേനിയയിലെ ക്രൈസ്തവർ ഇന്നും നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്. കഴിഞ്ഞ വർഷങ്ങളിൽ അർമേനിയയുടെ അയൽരാജ്യമായ അസർബൈജാൻ – നാഗോർണോ കാരബാക്ക് മേഖലയിൽ അക്രമണം നടത്തി ഒരു ലക്ഷത്തോളം അർമേനിയൻ വംശജരെ അവരുടെ വീടുകളിൽ നിന്നും തുരത്തിയിരുന്നു. ഈ നടപടിയെ വംശീയ ഉന്മൂലനം എന്നാണ് ഏതാനും അന്താരാഷ്ട്ര നേതാക്കൾ വിശേഷിപ്പിച്ചത്. അസർബൈജാനും തുർക്കിയും ഇവിടംകൊണ്ട് നിർത്തില്ലെന്നും അർമേനിയ മുഴുവനായി പിടിച്ചെടുക്കുകയെന്നതാണ് അവരുടെ ലക്ഷ്യമെന്നും അർമേനിയൻ ആക്ടിവിസ്റ്റായ സിമോണി റിസ്കളള പറഞ്ഞിരുന്നു. അതേസമയം കഴിഞ്ഞ ആഴ്ചയാണ് ആർട്സാഖിലെ തലസ്ഥാനമായ സ്റ്റെപ്പാനോകോട്ടിലെ പുരാതന ആരാധനാലയവും അർമേനിയൻ ക്രൈസ്തവരുടെ പ്രധാന ആരാധനാലയങ്ങളിൽ ഒന്നുമായ ‘ഹോളി മദർ ഓഫ് ഗോഡ്’ കത്തീഡ്രൽ അസർബൈജാൻ അധികൃതർ നശിപ്പിച്ചത്.

ഏകദേശം 30 ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള അർമേനിയ ക്രൈസ്തവ രാജ്യമായിട്ടാണ് അറിയപ്പെടുന്നത്. 1915 ൽ നടന്ന അർമേനിയൻ വംശഹത്യയിൽ 15 ലക്ഷത്തോളം ക്രൈസ്തവർക്കാണ് ജീവൻ നഷ്ടമായത്. ഇതിനെ അമേരിക്ക അടക്കം മുപ്പതോളം രാജ്യങ്ങൾ വംശഹത്യയായി അംഗീകരിക്കുന്നുണ്ടെങ്കിലും തുർക്കി ഇതുവരെ അതിന് തയ്യാറായിട്ടില്ല.