അണ്ഡവിസർജനത്തിനുള്ള കൃത്രിമ മാർഗ്ഗമായ ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ (IVF) ചികിത്സയ്ക്ക് വിധേയരാകുന്നവരോടോ അതിനെ കുറിച്ച് ആലോചിക്കുന്നവരോടോ പലപ്പോഴും ശാന്തമായിരിക്കാൻ ആളുകൾ പറയാറുണ്ട്. എന്നാൽ  മാനസികവും വൈകാരികവുമായ സുസ്ഥിതി രോഗിയുടെ മാനസികാവസ്ഥയെ മാത്രമല്ല, ചികിത്സയുടെ വിജയസാധ്യതയെ വരെ ബാധിക്കുമെന്നാണ് പുതിയ തെളിവുകൾ സൂചിപ്പിക്കുന്നത്.

പൂനെയിലെ ഒരു IVF സെന്ററിൽ നിന്നുള്ള ഒരു സമീപകാല പഠനം, ഇന്ത്യയിൽ നിന്നുള്ള ആദ്യകാല അനുഭവപരമായ കണക്കുകൾ നിരത്തുന്നുണ്ട്. ഐ.വി.എഫ് പരാജയപ്പെട്ട സ്ത്രീകളിൽ, വിജയിച്ചവരേക്കാൾ ഉയർന്ന അളവിൽ ഉത്കണ്ഠയും മാനസിക സമ്മർദ്ദവും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. ശരീരത്തിന് പുറത്ത് അണ്ഡങ്ങളും ബീജവും സംയോജിപ്പിക്കുന്ന ഒരു നടപടിക്രമമായ IVF-ന് വിധേയരായ 120 ഓളം സ്ത്രീകളെ നിരീക്ഷണ പഠനം വിശകലനം ചെയ്തു. ഉത്കണ്ഠയും സമ്മർദ്ദ നിലയും വിലയിരുത്തുകയും ഈ ഘടകങ്ങൾ ചികിത്സ ഫലങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്ന് പരിശോധിക്കുകയും ചെയ്തു.

പഠനത്തിലെ കണ്ടെത്തലുകൾ

പങ്കെടുത്തവരുടെ ശരാശരി ഉത്കണ്ഠാ സ്കോർ 6.2 ആയിരുന്നു (3 മുതൽ 12 വരെയുള്ള പരിധിയിൽ). എന്നാൽ ഐ.വി.എഫ് വിജയിച്ചവരിൽ (പഠനത്തിൽ പങ്കെടുത്തവരിൽ ഏകദേശം 40 ശതമാനം പേർ) ശരാശരി ഉത്കണ്ഠാ സ്കോർ 5.5 മാത്രമായിരുന്നു. അതേസമയം, ചികിത്സ പരാജയപ്പെട്ടവരിൽ ഇത് 6.7 ആയിരുന്നു.

മാനസിക സമ്മർദ്ദത്തിന്റെ കാര്യത്തിലും സമാനമായ ഒരു രീതി തന്നെയാണ് കണ്ടത്. ശരാശരി സ്ട്രെസ് സ്കോർ 8.2 ആയിരുന്നു. വിജയിച്ചവരിൽ ഇത് 7.4 ആയിരുന്നപ്പോൾ പരാജയപ്പെട്ടവരിൽ 8.7 ആയി ഉയർന്നു. മാനസികമായ അസ്വസ്ഥതകൾ ചികിത്സാ പരാജയത്തിലേക്ക് നയിച്ചേക്കാമെന്നാണ് ഈ കണ്ടെത്തലുകളിൽ നിന്ന് വ്യക്തമാകുന്നത്.

സ്വതന്ത്ര ഫെർട്ടിലിറ്റി വിദഗ്ധരും ഈ നിരീക്ഷണങ്ങളെ അംഗീകരിക്കുന്നുണ്ട്. മാനസിക സമ്മർദ്ദം വന്ധ്യതയ്ക്കും IVF ഫലങ്ങളെ ബാധിക്കാനും സാധ്യതയുണ്ടെന്ന് തങ്ങളുടെ ക്ലിനിക്കൽ അനുഭവങ്ങളിൽ നിന്ന് വ്യക്തമാണെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. “എന്റെ പ്രാക്ടീസിൽ, IVF ന് വിധേയരായ പല സ്ത്രീകളും വർഷങ്ങളുടെ അനിശ്ചിതത്വത്തിനും ആവർത്തിച്ചുള്ള തിരിച്ചടികൾക്കും ശേഷം ശാരീരികമായി മാത്രമല്ല, വൈകാരികമായും തളർന്നുപോയ അവസ്ഥായിലാണ് എത്താറുള്ളത്,” ഇന്ത്യ IVF ഫെർട്ടിലിറ്റിയുടെ സഹസ്ഥാപകയും മെഡിക്കൽ ഡയറക്ടറുമായ ഡോ. റിച്ചിക സഹായ് ശുക്ല പറഞ്ഞു.

വൈകാരിക സമ്മർദ്ദം പലപ്പോഴും അവഗണിക്കപ്പെടാറാണെന്നും എന്നാൽ ഇതിന് ശാരീരികമായ ആഘാതങ്ങൾ ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു.  “വിട്ടുമാറാത്ത സമ്മർദ്ദം കോർട്ടിസോളിന്റെ അളവ് ഉയർത്തുന്നു, ഇത് ഹോർമോൺ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും അണ്ഡത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും മൊത്തത്തിലുള്ള ചികിത്സ ഫലങ്ങളെ സ്വാധീനിക്കുകയും ചെയ്യും,” അവർ പറഞ്ഞു. രാജ്യത്ത് ഏകദേശം 2.8 കോടി ആളുകൾ വന്ധ്യത അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. പ്രതിവർഷം 3 മുതൽ 3.5 ലക്ഷം വരെ ഐ.വി.എഫ് ചികിത്സകളാണ് ഇന്ത്യയിൽ നടക്കുന്നത്.