തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ തൃശൂർപൂരം ചടങ്ങുകളിലൊതുക്കി ആഘോഷിക്കും. പൂരത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ വെടിക്കെട്ട് പൂർണമായും ഒഴിവാക്കാനും കുടമാറ്റം നാമമാത്രമാക്കാനും കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. ആഘോഷപ്പൊലിമ കുറയുമ്പോഴും പൂരത്തിന്റെ പ്രൗഢിയും ആചാരങ്ങളും ചോരാതെ കാക്കാനാണ് ദേവസ്വങ്ങളും സർക്കാരും ധാരണയിലെത്തിയത്.
മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ വെടിക്കെട്ട് വേണ്ടെന്ന തീരുമാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പകരമായി ആചാരപരമായി കതിന മാത്രം പൊട്ടിക്കും.
മണിക്കൂറുകൾ നീളുന്ന വിസ്മയമായിരുന്ന കുടമാറ്റം ഇത്തവണ വെറും 15 മിനിറ്റിലേക്കു ചുരുങ്ങും. പത്തു സെറ്റ് കുടകളായിരിക്കും ഇത്തവണ ഉയർത്തുക. ഓരോ വിഭാഗത്തിലും പതിനഞ്ചോളം ആനകൾ അണിനിരക്കും. ഇലഞ്ഞിത്തറ മേളം, മഠത്തിൽവരവ് തുടങ്ങിയ ചടങ്ങുകൾ പതിവുപോലെ നടക്കും. ആനകളുടെ എണ്ണത്തിലോ മേളക്കാരുടെ കാര്യത്തിലോ മാറ്റമുണ്ടാകില്ലെങ്കിലും വലിയ ആഘോഷങ്ങൾ ഒഴിവാക്കി ആചാരങ്ങൾക്കു പ്രാധാന്യം നൽകും.
ഇന്നു തുടങ്ങേണ്ടിയിരുന്ന ചമയപ്രദർശനം നാളത്തേക്കു മാറ്റിയിട്ടുണ്ട്. പകൽപ്പൂരവും അതിനോടനുബന്ധിച്ചുള്ള വെടിക്കെട്ടും ഇത്തവണ ഉണ്ടാകി ല്ല. ഘടക ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകൾ മാറ്റമില്ലാതെ തുടരാനും യോഗം അനുമതിനൽകി. മുണ്ടത്തിക്കോട്ടെ അപകടത്തിന്റെ തീവ്രത കണക്കിലെടുത്താണ് പൂരപ്രേമികളെയും ദേവസ്വങ്ങളെയും ഒരുപോലെ വിശ്വാസത്തിലെടുത്ത് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്.
സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കുമെന്നായിരുന്നു പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് ഇന്നലെ യോഗത്തിനു മുന്‍പേ അറിയിച്ചിരുന്നത്. എന്നാൽ, ഉന്നതതല യോഗത്തിൽ വെടിക്കെട്ട് വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. എട്ടു ഘടകപൂരങ്ങളും അവര്‍ക്കു നിശ്ചയിച്ചിരിക്കുന്ന ആനകളും മേളവുമായി വടക്കുന്നാഥന്റെ സന്നിധിയിലെത്തി മടങ്ങും. തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും മേളത്തിനും മുടക്കമുണ്ടാവില്ല. ചമയപ്രദര്‍ശനം നടത്തുമെങ്കിലും അതുംആഘോഷപൂര്വമായിരിക്കില്ല.
പൂരം നടത്തിപ്പിനുവേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സുരക്ഷയ്ക്കായി 350 സിസിടിവി കാമറകൾ വിവിധ ഇടങ്ങളിൽ സ്ഥാപിക്കുമെന്നും വനിതാ പോലീസ് സേനയെയും പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കു വിന്യസിക്കുമെന്നും സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.
നാട്ടാന പരിപാലനചട്ടം പാലിച്ചുകൊണ്ടുള്ള കാര്യങ്ങൾ നടപ്പിലാക്കുന്നതിനായി വനം, മൃഗസംരക്ഷണ വകുപ്പുകളെ ചുമതലപ്പെടുത്തി. ആനകളുടെ വിന്യാസം, എഴുന്നള്ളിപ്പിന്റെ ക്രമീകരണങ്ങൾ എന്നിവയിൽ മുൻകരുതലുകൾ എടുക്കും.
ജില്ലയിൽ ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ പൂരത്തിനു വരുന്നവർ അതിനനുസരിച്ച മുന്നൊരുക്കങ്ങൾ സ്വീകരിക്കണം. കുടിവെള്ളം, തൊപ്പി, കുട എന്നിവ കൈവശം കരുതണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ ആർ. ബിന്ദു, കെ. രാജൻ, എംഎൽഎമാരായ സേവ്യർ ചിറ്റിലപ്പിള്ളി, പി. ബാലചന്ദ്രൻ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖ്, ദേവസ്വം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.



