ന്യൂഡൽഹി: ട്രംപ് നടത്തിയ വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി ഇന്ത്യ. പരാമർശങ്ങൾ വിവരമില്ലാത്തതും അനുചിതവും മോശം അഭിരുചിയുള്ളതുമാണെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
“അഭിപ്രായങ്ങളും അതിനു മറുപടിയായി യുഎസ് എംബസി പുറത്തിറക്കിയ പ്രസ്താവനയും കണ്ടു. പരാമർശങ്ങൾ വ്യക്തമായും വിവരമില്ലാത്തതും, അനുചിതവും, മോശം അഭിരുചിയുള്ളതുമാണ്. പരസ്പര ബഹുമാനത്തിലും താൽപര്യങ്ങളിലും അധിഷ്ഠിതമായ ഇന്ത്യ-യുഎസ് ബന്ധത്തിന്റെ യാഥാർഥ്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നില്ല’.- വിദേശകാര്യ മന്ത്രാലയം വക്തവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ഇന്ത്യയും ചൈനയും നരകക്കുഴികളാണെന്നും ഇരു രാജ്യങ്ങളിലുമുള്ളവർ യുഎസ് തീരത്തുവന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടിട്ടു പോകുകയാണെന്നുമുള്ള അധിക്ഷേപ പ്രസ്താവനയാണ് ട്രംപ് സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചത്.
അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനും റേഡിയോ അവതാരകനുമായ മൈക്കിൾ സാവേജിന്റെ പോഡ്കാസ്റ്റും സംഭാഷണത്തിന്റെ പകർപ്പുമാണ് ട്രംപ് പങ്കുവച്ചത്.
‘ഗർഭത്തിന്റെ ഒൻപതാം മാസം നമ്മുടെ തീരത്ത് കുഞ്ഞുങ്ങളെ പ്രസവിച്ചിടാനായി അവർ വരും. എന്നിട്ട് ഇന്ത്യയിൽ നിന്നോ ചൈനയിൽ നിന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും നരകക്കുഴികളിൽ നിന്നോ മുഴുവൻ കുടുംബത്തെയും ഇങ്ങോട്ടു കൊണ്ടുവരും.
കുടിയേറ്റത്തെ അനുകൂലിക്കുന്ന അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ യുഎസിനെ കുപ്പത്തൊട്ടിയാക്കുകയാണ്. ഇങ്ങനെ പോയാൽ യുഎസ് ഇന്ത്യയുടെയും ചൈനയുടെയും കോളനിയായി മാറും. തൊഴിൽസാധ്യതകളും ഇവർ അട്ടിമറിക്കുകയാണ്’. തുടങ്ങിയവയായിരുന്നു സാവേജിന്റെ പരാമർശങ്ങൾ.



