പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയതിന് പിന്നാലെ, ബിജെപിയുടെ വിജയമുറപ്പാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മമത ബാനർജി ഭരണത്തിൽ നിന്ന് പുറത്തുപോകുകയാണെന്നും ബിജെപി അധികാരം പിടിച്ചെടുക്കുമെന്നും വെള്ളിയാഴ്ച കൊൽക്കത്തയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന 152 സീറ്റുകളിൽ 110 എണ്ണത്തിലും ബിജെപി വിജയിക്കുമെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
“ഞങ്ങൾക്ക് ലഭിച്ച വിവരങ്ങൾ അനുസരിച്ച്, ബംഗാളിലെ ജനങ്ങൾ തങ്ങളുടെ ഭാവി ഒന്നാം ഘട്ടത്തിൽ തന്നെ തീരുമാനിച്ചു കഴിഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വികസനമാണ് ഈ മണ്ണ് തിരഞ്ഞെടുത്തത്. ഒന്നാം ഘട്ടത്തിലെ വോട്ടിംഗ് ശതമാനം വെളിപ്പെടുത്തുന്നത് ദീദി പടിയിറങ്ങുകയാണെന്നും ബിജെപി അധികാരത്തിൽ വരാൻ പോകുകയാണെന്നുമാണ്,” അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പാർട്ടിയുടെ വിലയിരുത്തൽ വിശദീകരിച്ചുകൊണ്ട് അമിത് ഷാ കൂട്ടിച്ചേർത്തു: “152 സീറ്റുകളിൽ 110-ലധികം സീറ്റുകൾ ബിജെപി നേടും. ഇതിനർത്ഥം രണ്ടാം ഘട്ടം കഴിയുന്നതോടെ പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിക്കാൻ കഴിയുന്ന നിലയിൽ ഞങ്ങൾ എത്തുമെന്നാണ്.”



