ഇറാൻ്റെ പുതിയ പരമാധികാര നേതാവ് മൊജ്തബ ഖമേനി ജീവനോടെയുണ്ടെങ്കിലും ഗുരുതരമായി പരിക്കേറ്റ് വിശ്രമത്തിലാണെന്ന് റിപ്പോർട്ട്. പിതാവിന്റെ വധത്തിന് ശേഷം അധികാരം ഏറ്റെടുത്ത മൊജ്തബ ഖമേനി നിലവിൽ സൈന്യത്തിന്റെയും മറ്റും ശ്രദ്ധയിൽപ്പെടാതെ രഹസ്യമായിട്ടാണ് പ്രവർത്തിക്കുന്നതെന്ന് ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു. ഇദ്ദേഹം പുറംലോകവുമായുള്ള ആശയവിനിമയം പരിമിതപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്.
“മിസ്റ്റർ ഖമേനിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ മാനസിക നില കൃത്യമാണ്,” അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് അറിയാവുന്ന നാല് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ ശാരീരിക പരിക്കുകൾ വളരെ വലുതാണ്. അദ്ദേഹത്തിന്റെ ഒരു കാലിൽ മൂന്ന് തവണ ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞു. നിലവിൽ കൃത്രിമക്കാൽ (Prosthetic) ഘടിപ്പിക്കാനുള്ള കാത്തിരിപ്പിലാണ് അദ്ദേഹം. ഒരു കൈയ്ക്കും ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്.
ഏറ്റവും ഗുരുതരം അദ്ദേഹത്തിന്റെ മുഖത്തിനേറ്റ പരിക്കുകളാണ്. “അദ്ദേഹത്തിന്റെ മുഖവും ചുണ്ടുകളും കഠിനമായി പൊള്ളിയിട്ടുണ്ട്, ഇത് സംസാരിക്കുന്നത് പ്രയാസകരമാക്കുന്നു,” റിപ്പോർട്ട് വ്യക്തമാക്കുന്നു. മുഖം പൂർവ്വസ്ഥിതിയിലാക്കാൻ അദ്ദേഹത്തിന് പ്ലാസ്റ്റിക് സർജറി വേണ്ടിവരും.



