കോട്ടയം: പാലാ നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ. മാണിയെ നിയുക്ത എംഎൽഎ എന്നു വിശേഷിപ്പിച്ചുകൊണ്ട് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. കടപ്പാട്ടൂരിൽ കടപ്പാട്ടൂർ പൗരാവലിയുടെ പേരിലാണ് ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നത്.
ജനനായകൻ പാലായുടെ എംഎൽഎ എന്നാണ് ഫ്ലെക്സിൽ കുറിച്ചിരിക്കുന്നത്. അതേസമയം, ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിനെക്കുറിച്ച് അറിവില്ലെന്നാണ് കേരള കോൺഗ്രസ് -എം നേതൃത്വം പറയുന്നത്.
സംസ്ഥാനത്തു തന്നെ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നായിരുന്നു പാലാ. എൽഡിഎഫ് സ്ഥാനാർഥിയായി ജോസ് കെ. മാണിയും യുഡിഎഫിനു വേണ്ടി മാണി സി. കാപ്പനും എൻഡിഎ സ്ഥാനാർഥിയായി ഷോൺ ജോർജുമാണ് മത്സരിച്ചത്.
മണ്ഡലം ഇളക്കിയുള്ള പ്രചാരണ പരിപാടികളാണ് മൂന്നു സ്ഥാനാർഥികളും നടത്തിയത്. എൻഡിഎ സ്ഥാനാർഥി പതിവിൽ കവിഞ്ഞ പ്രചാരണ പരിപാടികൾ ഇത്തവണ മണ്ഡലത്തിൽ നടത്തിയിരുന്നു. ബിജെപി അട്ടിമറി സാധ്യതയുണ്ടെന്ന് അവകാശപ്പെടുന്ന മണ്ഡലംകൂടിയാണ് പാലാ.
കഴിഞ്ഞ തവണ നഷ്ടപ്പെട്ട മണ്ഡലം തിരികെ പിടിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് കേരള കോൺഗ്രസ് -എം ചെയർമാൻ കൂടിയായ ജോസ് കെ. മാണി ഇത്തവണ മത്സരത്തിന് ഇറങ്ങിയത്. പാലായ്ക്കു പുതിയ വികസന പ്ദ്ധതികൾ വാഗ്ദാനം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം. മാധ്യമങ്ങളിൽ വാർത്തയായതോടെ ഫ്ലക്സ് പിന്നീട് നീക്കം ചെയ്തു.



