ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബഫ്. അമേരിക്കയും ഇസ്രയേലും നടത്തുന്ന വെടിനിർത്തൽ കരാർ ലംഘനങ്ങൾ തുടരുന്നതിനാലാണ് ഹോർമുസ് തുറക്കാത്തതെന്നും ഗാലിബഫ് വ്യക്തമാക്കി. അമേരിക്കയുടെ നാവികഉപരോധം ആഗോള സമ്പദ് വ്യവസ്ഥയെ ബന്ദിയാക്കിയിരിക്കുകയാണെന്നും ഗാലിബഫ് കുറ്റപ്പെടുത്തി. അതേസമയം ഹോർമുസിൽ 31 കപ്പലുകൾ തടഞ്ഞതായി അമേരിക്കൻ സൈന്യം അറിയിച്ചു.

ഇറാനെതിരെയുള്ള നാവിക ഉപരോധത്തിന്റെ ഭാഗമായി ഇതുവരെ 31 കപ്പലുകളെ തടഞ്ഞെന്നാണ് അമേരിക്ക പറയുന്നത്. ‌തടഞ്ഞ കപ്പലുകളിൽ ഭൂരിഭാഗവും എണ്ണ ടാങ്കറുകളെന്നും യു എസ് സെൻട്രൽ കമാൻഡ് പറഞ്ഞു. ഇതിനിടെ ട്രംപിന്റെ യുദ്ധനയങ്ങൾക്ക് സെനറ്റിന്റെ അംഗീകാരം ലഭിച്ചു ഡമോക്രാറ്റുകളുടെ പ്രമേയം വോട്ടിനിട്ട് തള്ളി. 46നെതിരെ 55 വോട്ടുകൾക്കാണ് പ്രമേയം തള്ളിയത്. കെന്റക്കിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോൾ പ്രമേയത്തെ പിന്തുണച്ചു. സൈനിക സംഘർഷം അവസാനിപ്പിക്കാനുള്ള പ്രമേയത്തിനെതിരെ ഇത് അഞ്ചാം തവണയാണ് റിപ്പബ്ലിക്കൻ സെനറ്റർമാർ വോട്ട് ചെയ്തത്.

അതേസമയം അമേരിക്ക നാവിക ഉപരോധം പിൻവലിച്ചാൽ ചർച്ചയാകാമെന്നാണ് ഇറാൻ നിലപാട്. ഭീഷണികളും വാഗ്ദാനലംഘനവുമാണ് ചർച്ചകൾക്ക് തടസ്സമാകുന്നതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ പറഞ്ഞു. ലോകം ട്രംപിന്റെ കപട വാക്കുകളും അവകാശവാദങ്ങളും പ്രവൃത്തികളും തമ്മിലുള്ള വൈരുദ്ധ്യം കണ്ടുകൊണ്ടിരിക്കുകയാണെന്നും പെസഷ്‌കിയാൻ പറഞ്ഞു. ‌സമൂഹമാധ്യമമായ എക്‌സിലാണ് പെസഷ്‌കിയാന്റെ പരാമർശം.