അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ വെറും ഭീഷണികളും വാഗ്ദാനങ്ങളും മാത്രമാണുള്ളതെന്നും യാതൊരുവിധ വസ്തുതകളും കാണാനില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. അമേരിക്കയുടെ പൊള്ളയായ വാഗ്ദാനങ്ങളിൽ ഇറാൻ ചതിക്കുഴിയിൽ അകപ്പെട്ടിരിക്കുകയാണെന്ന് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു. ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന നിർണ്ണായകമായ ചർച്ചകളെക്കുറിച്ച് റഷ്യ വിശകലനം നടത്തി വരികയാണെന്നും എന്നാൽ മേഖലയിലെ സാഹചര്യം പ്രവചനാതീതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻപ് ഉണ്ടാക്കിയ കരാറുകൾ അമേരിക്ക ലംഘിച്ച ചരിത്രം ചൂണ്ടിക്കാട്ടിയാണ് ലാവ്റോവ് സംസാരിച്ചത്. ‘അമേരിക്കയുടെ വാഗ്ദാനങ്ങളിൽ തങ്ങൾ ചതിക്കപ്പെട്ടെന്ന ഇറാന്റെ നിലപാട് ന്യായമാണ്. 2015-ലെ ആണവ കരാർ (JCPOA) ഇതിന് ഉദാഹരണമാണ്’, അദ്ദേഹം പറഞ്ഞു. മുൻ അമേരിക്കൻ പ്രസിഡന്റ് ബാരാക് ഒബാമയുടെ കാലത്ത് ഉണ്ടാക്കിയ ആണവ കരാറിൽ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയത് ഇറാനെ പ്രതിസന്ധിയിലാക്കിയിരുന്നു. സമാനമായ ഒരു സാഹചര്യം വീണ്ടും ഉണ്ടായേക്കാമെന്ന ഇറാന്റെ ആശങ്കകൾക്ക് റഷ്യയുടെ പിന്തുണയുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
പാകിസ്താനിൽ നടക്കാനിരിക്കുന്ന ചർച്ചകൾ അതീവ സങ്കീർണ്ണമായ സാഹചര്യത്തിലാണ് നടക്കുന്നത്. ‘പശ്ചിമേഷ്യൻ സാഹചര്യം ഏത് നിമിഷവും മാറിമറിയാം. 24 മണിക്കൂറിനുള്ളിൽ പത്തുതവണ നിലപാടുകൾ മാറിയേക്കാവുന്ന അവസ്ഥയാണിവിടെ’, ലാവ്റോവ് നിരീക്ഷിച്ചു. ചർച്ചകൾ വഴിമുട്ടുന്നതും ഹോർമുസ് കടലിടുക്കിലെ ഉപരോധം തുടരുന്നതും മേഖലയിൽ യുദ്ധഭീതി നിലനിർത്തുന്നുണ്ട്. എങ്കിലും അമേരിക്കൻ-ഇറാനിയൻ പ്രതിനിധികൾ നടത്തുന്ന ചർച്ചകളെ റഷ്യ പിന്തുണയ്ക്കുന്നുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു.
നിലവിലെ ചർച്ചകൾ 2015-ലെ ആണവ കരാറിന് സമാനമായ ഒരു ഫലമുണ്ടാക്കിയാൽ അത് വലിയ വിജയമായിരിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യയിൽ സമാധാനം തിരികെ കൊണ്ടുവരാൻ നയതന്ത്ര മാർഗ്ഗങ്ങളാണ് നല്ലത്. എന്നാൽ അമേരിക്കൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വൈരുദ്ധ്യങ്ങൾ ചർച്ചകളെ പിന്നോട്ടടിക്കുകയാണെന്ന് റഷ്യ കുറ്റപ്പെടുത്തി. വെടിനിർത്തൽ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് റഷ്യയുടെ ഈ നിർണ്ണായക ഇടപെടൽ.



