തിരുവനന്തപുരം: വോട്ടെണ്ണൽ കേന്ദ്രത്തിൽ ഇവിഎമ്മുകൾ അടക്കം സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകളോ സീൽ ചെയ്യാത്ത മുറികളോ തുറക്കരുതെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ഇൻഡെക്സ് കാർഡുകൾ തയാറാക്കുന്നതിനോ എൻകോർ പോർട്ടലിലെ ഡാറ്റ പരിശോധിക്കുന്നതിനോ ഒരു സാഹചര്യത്തിലും സ്ട്രോംഗ് റൂമുകളോ സീൽ ചെയ്യാത്ത മുറികളോ തുറക്കുകയോ ആക്സസ് ചെയ്യുകയോ ചെയ്യരുതെന്നു നിർദേശിച്ചു.
കോഴിക്കോട് പേരാന്പ്രയിലും പാലക്കാട് നെന്മാറയിലും സ്ട്രോംഗ് റൂം തുറന്നെന്ന ആരോപണം വിവാദമായതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശം. എന്നാൽ, സ്ട്രോംഗ് റൂമല്ല, ഡാറ്റ പരിശോധിച്ച് വോട്ടെടുപ്പു വിവരം കമ്മീഷൻ പോർട്ടലിൽ അപ്ലോഡ് ചെയ്യാനാണ് തുറന്നതെന്നാണ് വിശദീകരണം. പേരാന്പ്ര സംഭവത്തിൽ റിട്ടേണിംഗ് ഓഫീസർക്കു വീഴ്ച സംഭവിച്ചതായാണ് ജില്ലാ കളക്ടറുടെ റിപ്പോർട്ടെന്നാണ് സൂചന. നടപടിക്രമം പാലിക്കുന്നതിലും വീഴ്ചയുണ്ടായി.
സിപിഎം- ബിജെപി രഹസ്യധാരണയുടെ ഭാഗമായാണ് എൽഡിഎഫ് കണ്വീനർ ടി.പി. രാമകൃഷ്ണൻ മത്സരിച്ച പേരാന്പ്രയിലും പാലക്കാടും സ്ട്രോംഗ് റൂം തുറന്ന് വോട്ട് അട്ടിമറിക്കാൻ ശ്രമിക്കുന്നതിനു പിന്നിലെന്നാണ് യുഡിഎഫ് ആരോപണം.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്കും റിട്ടേണിംഗ് ഓഫീസർമാർക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് നൽകിയിരുന്നതായി സിഇഒ പത്രക്കുറിപ്പിൽ അറിയിച്ചു.
തെരഞ്ഞെടുപ്പു പ്രക്രിയയുടെ സമഗ്രത, സുതാര്യത, സുരക്ഷ എന്നിവ സംരക്ഷിക്കാനായി നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരോടും നിർദേശിച്ചു.
കോഴിക്കോട് പേരാന്പ്രയിലെ സ്ട്രോംഗ് റൂം വിവാദം അണയുന്നതിന് പിന്നാലെയാണ് പാലക്കാട് നെന്മാറയിലും സ്ട്രോംഗ് റൂം വിവാദം ഉയർന്നു വന്നത്. വിക്ടോറിയ കോളജിലെ സ്ട്രോംഗ് റൂം തുറക്കാനുള്ള തീരുമാനം വിവാദമായതോടെ മാറ്റി. തുറക്കാൻ തീരുമാനിച്ചത് മെറ്റീരിയൽ സ്ട്രോംഗ് റൂം ആണെന്നും ഇവിഎം സ്ട്രോംഗ് റൂം അല്ലെന്നും ആണ് ജില്ലാ കളക്ടർ വിശദീകരിച്ചത്. ഇവിഎമ്മുകളുള്ള സ്ട്രോംഗ് റൂമുകളോട് ചേർന്നാണ് തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ മെറ്റീരിയൽ സ്ട്രോംഗ് റൂമും ഉള്ളതെന്നും അത് തുറക്കുന്നതിൽ അസ്വഭാവികതയില്ലെന്നുമാണ് കളക്ടർ പറഞ്ഞത്.
ഫോം 17എ എടുക്കാനാണ് മെറ്റീരിയൽ സ്ട്രോംഗ് റൂം തുറക്കാൻ തീരുമാനിച്ചത്. വെബ്സൈറ്റിൽ കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുന്നതിനായാണ് നടപടിയെന്നായിരുന്നു വിശദീകരണം. എന്നാൽ, സിഇഒയുടെ നിർദേശം വന്നതോടെ നടപടി അവസാനിപ്പിച്ചു.



