തിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റുകളുടെ മറവിൽ സംസ്ഥാനത്ത് മണ്ണ് മാഫിയ സംഘങ്ങൾ കുന്നുകൾ ഇടിച്ചു നിരത്തി മണ്ണ് കടത്തുന്നതായും ഡെവലപ്പ്മെന്റ് പെർമിറ്റുകളുടെ മറവിൽ വ്യാപകമായി മണ്ണ് നീക്കം ചെയ്യുന്നതായും വിജിലൻസ് കണ്ടെത്തി. ചില സ്ഥലങ്ങളിൽ വീട് വയ്ക്കാനുള്ള പെർമിറ്റ് കരസ്ഥമാക്കിയ ശേഷം ഭൂമിയിൽ നിന്നു വൻ തോതിൽ മണ്ണു നീക്കം ചെയ്ത് വസ്തു രൂപാന്തരപ്പെടുത്തി പ്ലോട്ടുകളാക്കി വിൽപന നടത്തിയതായും വിജിലൻസിന്റെ ഓപറേഷൻ എർത്ത് ഗാർഡ് എന്ന പേരിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി.
കെട്ടിട നിർമാണത്തിന്റെ മറവിൽ മിക്ക സ്ഥലങ്ങളിലും അനുവദിച്ചതിലും കൂടുതൽ അളവിലും വിസ്തൃതിയിലും മണ്ണ് എടുക്കുകയും ഒരു വർഷത്തിനകം കെട്ടിട നിർമാണം ആരംഭിക്കണമെന്ന ചട്ടത്തിന് വിരുദ്ധമായി നിർമാണം തുടങ്ങാത്തതും കണ്ടെത്തി.
ചട്ടലംഘനങ്ങളിൽ നടപടി എടുക്കേണ്ട മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയും സ്വാധീനങ്ങൾക്ക് വഴങ്ങിയും നടപടി സ്വീകരിക്കുന്നതിൽ നിന്നു വിട്ടു നിൽക്കുന്നു. ഇതുമൂലം സർക്കാരിന് റോയൽറ്റി ഇനത്തിലും പിഴ ഇനത്തിലും വലിയ തുകകൾ നഷ്ടപ്പെടുന്നു.
ചട്ട വിരുദ്ധമായി മണ്ണു നീക്കം ചെയ്തതായി വിവരം ലഭിച്ച 360 സ്ഥലങ്ങളിലും ഓഫീസുകളിലുമാണ് മിന്നൽ പരിശോധന നടന്നത്. മൈനിംഗ് ആൻഡ് ജിയോളജി ഓഫീസുകളിലെയും തദ്ദേശസ്ഥാപനങ്ങളിലെയും 14 ഉദ്യോഗസ്ഥർ മണ്ണ് ഇടപാടുകാർ, അപേക്ഷകർ എന്നിവരിൽ നിന്ന് 4. 69 ലക്ഷം രൂപ യുപിഐ മുഖേന അക്കൗണ്ടുകളിലൂടെ മാത്രം കൈക്കൂലിയായി കൈപ്പറ്റിയതായും കണ്ടെത്തി.
ഫീൽഡ് വെരിഫിക്കേഷൻ നടത്തിയ നാല് സ്ഥലങ്ങളിൽ മുനിസിപ്പൽ അധികൃതരുടെയോ റവന്യൂ അധികൃതരുടെയോ അനുമതി വാങ്ങാതെ വൻതോതിൽ കുന്ന് ഇടിച്ച് മണ്ണ് നീക്കം ചെയ്യുന്നതായും കണ്ടെത്തി.



