തൃശൂർ: ഉച്ചയ്ക്കുശേഷം മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിൽ വൻസ്ഫോടനം ഉണ്ടായെന്ന് അറിഞ്ഞപ്പോൾ ഞെട്ടിത്തരിച്ചവരിൽ നാട്ടുകാർ മാത്രമല്ല, മാധ്യമപ്രവർത്തകരുമുണ്ടായിരുന്നു. കാരണം, രാവിലെ പതിനൊന്നോടെ ഒരു സംഘം മാധ്യമപ്രവർത്തകർ വെടിക്കെട്ടുപുരയിലെ വാർത്തകൾ റിപ്പോർട്ട് ചെയ്യാനും ദൃശ്യങ്ങൾ പകർത്താനും ഇവിടം സന്ദർശിച്ചിരുന്നു.
ഇവർ വാർത്തകളെടുത്തു മടങ്ങി ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണു വൻദുരന്തം അരങ്ങേറിയത്. വെടിക്കെട്ടുപുരയിൽ ജോലിയിലായിരുന്ന തൊഴിലാളികളോടു സംസാരിക്കുകയും വാർത്തകൾ ശേഖരിക്കുകയും ചെയ്ത റിപ്പോർട്ടർമാർ തങ്ങൾ അല്പനേരം മുമ്പ് സംസാരിച്ച പലരും ദുരന്തത്തിന് ഇരയായെന്ന വിവരമറിഞ്ഞു ഞെട്ടിത്തരിച്ചുപോയി.
ദുരന്തത്തിന്റെ റിപ്പോർട്ടുകൾ ശേഖരിക്കാൻ എത്തിയവർ തങ്ങൾ രാവിലെ സന്ദർശിച്ചു മടങ്ങിയ പ്രദേശത്തേക്ക് അടുക്കാനാവാത്ത സ്ഥിതികണ്ട് നടുങ്ങി.
രാവിലെ ശാന്തമായിരുന്ന പച്ചപ്പുനിറഞ്ഞ പാടവും തീയാളി കരിഞ്ഞുണങ്ങിയിരിക്കുന്നു. പാടത്തിനു നടുവിലെ വെടിപ്പുരകളിൽ തീയും സ്ഫോടനവും തുടരുന്നു. പച്ചപ്പു നിറഞ്ഞുനിന്നിരുന്ന മരങ്ങളെല്ലാം സ്ഫോടനത്തിൽ കരിക്കട്ടകളായി മാറിയിരിക്കുന്നു. പ്രേതാലയംപോലെയായിരുന്നു ആ പാടവും പരിസരവും.



