നാടിനെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. കോയമ്പത്തൂരിലെ ഗവ. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സഹ ഡ്രൈവര്‍ നൗഷാദ് അലിയാണ് മരിച്ചത്. പുലര്‍ച്ചെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി.

നൗഷാദ് അലിയുടെ ആരോഗ്യം വഷളായിട്ടും ഡോക്ടര്‍മാരെത്താന്‍ വൈകിയെന്ന് കുടുംബം ആരോപിച്ചു. കോയമ്പത്തൂരില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആയിരുന്നു നൗഷാദ് അലി. അപകടത്തില്‍ പരുക്കേറ്റ ഷഹദിന്‍, മുഹമ്മദ് ഫായിസ് എന്നിവര്‍ ചികിത്സയില്‍ തുടരുകയാണ്. മരിച്ച പാങ്ങ് കളത്തില്‍തൊടി സാജിതയുടെ മകന്‍ ഷഹദിന്‍ (10), വാന്‍ ഡ്രൈവര്‍ പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഫായിസ് (22) എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. ഷഹദിനു തലയ്ക്കാണു പരുക്ക്. മുഹമ്മദ് ഫായിസിനും നൗഷാദിനും നട്ടെല്ലിനാണ് പരുക്ക് ഉള്ളത്. പരുക്കേറ്റ മസീനെ (10) കഴിഞ്ഞ ദിവസം പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു കോട്ടക്കല്‍ കിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അപകടത്തില്‍ മരിച്ച പാങ്ങ് ജിയുപി സ്‌കൂള്‍ അധ്യാപിക ഷക്കീലയുടെ മോളുടെ മകളാണ് മസീന്‍.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചേ കാലോടെയാണ് വിനോദയാത്രയ്ക്ക് പോയ 13 അംഗ സംഘം അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ട്രാവലര്‍ റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ത്ത് പതിമൂന്നാം വളവില്‍ നിന്ന് ഒന്‍പതാം വളവിലേക്ക് വീഴുകയായിരുന്നു. ഒന്‍പത് പേരാണ് അപകടത്തില്‍ മരിച്ചത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരിയും ഒരു കുട്ടിയുമാണ് മരിച്ചത്. പാങ്ങ് എല്‍പിഎസിലെ പ്രധാന അധ്യാപിക അജിത, അധ്യാപികമാരായ റംല, സുഹറ, ആശ, അധ്യാപകനായ അബ്ദുല്‍ മജീദ്, മജീദിന്റെ ഭാര്യ റുഖിയ, സ്‌കൂളിലെ പാചക തൊഴിലാളി സാജിത, പാങ്ങ് ജി.യു.പി സ്‌കൂളിലെ അധ്യാപിക ഷക്കീന (ഷക്കീന അടുത്തിടെയാണ് പാങ്ങ് എല്‍പി സ്‌കൂളില്‍ നിന്ന് ജി.യു.പി സ്‌കൂളിലേക്ക് മാറിയത്) സുഹറയുടെ മകനും എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ ഹിഷാം എന്നിവരാണ് മരിച്ചത്.