ചൈനയിൽ നിന്ന് ഇറാനിലേക്ക് ‘സമ്മാനവുമായി’ പോയ കപ്പൽ അമേരിക്കൻ സേന തടഞ്ഞതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി തനിക്ക് ധാരണയുണ്ടായിരുന്നുവെന്നും ഇറാനിലേക്ക് ആയുധങ്ങൾ എത്തിക്കില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നതാണെന്നും ട്രംപ് പറഞ്ഞു. എന്നാൽ കപ്പലിൽ അത്ര നല്ല കാര്യങ്ങളല്ല ഉണ്ടായിരുന്നതെന്ന് സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് അവകാശപ്പെട്ടു. പിടിച്ചെടുത്ത കപ്പലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ലെങ്കിലും, ചൈനയിൽ നിന്നുള്ള ആയുധ വിതരണത്തെക്കുറിച്ച് യുഎസ് ഇന്റലിജൻസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇറാനുമായുള്ള വെടിനിർത്തൽ കാലാവധി ദീർഘിപ്പിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്നും ട്രംപ് വ്യക്തമാക്കി. വെടിനിർത്തൽ നീട്ടുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ “അത് ചെയ്യേണ്ടതില്ല, നമുക്ക് അധികം സമയമില്ല” എന്നായിരുന്നു ട്രംപിന്റെ മറുപടി. ചർച്ചകളിലൂടെ ഒരു കരാറിലെത്താൻ സാധിക്കുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും അത് പരാജയപ്പെട്ടാൽ ഇറാനെതിരെ കടുത്ത സൈനിക നടപടി ഉണ്ടാകുമെന്ന് അദ്ദേഹം ഭീഷണി മുഴക്കി. കരാറിലെത്തിയില്ലെങ്കിൽ ബോംബിടുമെന്നും സൈന്യം അതിനായി തയ്യാറെടുക്കുകയാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

അതേസമയം, ഇറാനിൽ തടവിൽ കഴിയുന്ന എട്ട് സ്ത്രീകളെ മോചിപ്പിക്കണമെന്ന് ട്രംപ് അഭ്യർത്ഥിച്ചു. ഇത് ചർച്ചകൾക്ക് ഒരു മികച്ച തുടക്കമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന സമാധാന ചർച്ചകളിൽ ഇറാൻ പങ്കെടുക്കുന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വെടിനിർത്തൽ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ മേഖലയിൽ യുദ്ധഭീതി വർധിക്കുകയാണ്. സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായതോടെ കാലാവധി നീട്ടാൻ മധ്യസ്ഥ രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.