ലോകപ്രശസ്തമായ ജർമ്മൻ കാറുകളുടെയും യന്ത്രസാമഗ്രികളുടെയും കാലം കഴിഞ്ഞോ എന്ന ചോദ്യമാണ് ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ ഉയരുന്നത്. സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ ജർമ്മനി ഇപ്പോൾ തങ്ങളുടെ വ്യവസായ ശാലകളെ ആയുധ നിർമ്മാണ കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. പതിറ്റാണ്ടുകളായി കാറുകളും കെമിക്കലുകളും കയറ്റുമതി ചെയ്തിരുന്ന രാജ്യം ഇപ്പോൾ പീരങ്കികളും ടാങ്കുകളും നിർമ്മിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
യുക്രെയ്ൻ യുദ്ധവും ആഗോള തലത്തിലുണ്ടായ സുരക്ഷാ ഭീഷണികളുമാണ് ജർമ്മനിയെ ഇത്തരമൊരു മാറ്റത്തിന് പ്രേരിപ്പിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സൈനിക കാര്യങ്ങളിൽ പുലർത്തിയിരുന്ന മിതത്വം ജർമ്മനി ഉപേക്ഷിച്ചു കഴിഞ്ഞു. ആഗോള വിപണിയിൽ ചൈനയിൽ നിന്നുള്ള കടുത്ത മത്സരവും ജർമ്മൻ ഉൽപ്പന്നങ്ങളുടെ ഡിമാൻഡ് കുറയാൻ കാരണമായി. ഈ പ്രതിസന്ധി മറികടക്കാൻ രാജ്യത്തെ വമ്പൻ കമ്പനികൾ ഇപ്പോൾ പ്രതിരോധ മേഖലയിലേക്ക് ചുവടുമാറുകയാണ്. റെയിൽവേ കോച്ചുകൾ നിർമ്മിച്ചിരുന്ന ഫാക്ടറികൾ ഇപ്പോൾ സൈനിക വാഹനങ്ങൾ നിർമ്മിക്കാൻ സജ്ജമായിക്കൊണ്ടിരിക്കുന്നു. വാഹന നിർമ്മാണ മേഖലയിലെ വിദഗ്ധ തൊഴിലാളികൾക്ക് ഇപ്പോൾ പ്രതിരോധ കമ്പനികളിൽ വലിയ ഡിമാൻഡാണ്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യൂറോപ്യൻ രാജ്യങ്ങൾ സ്വന്തം സുരക്ഷയ്ക്കായി കൂടുതൽ പണം ചിലവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ നിർദ്ദേശം കൂടി കണക്കിലെടുത്താണ് ജർമ്മനി തങ്ങളുടെ പ്രതിരോധ ബജറ്റ് കുത്തനെ ഉയർത്തിയത്. 2026-ഓടെ പ്രതിരോധ മേഖലയ്ക്കായി 83 ബില്യൺ യൂറോ ചിലവാക്കാനാണ് ചാൻസലർ ഫ്രെഡറിക് മെർസ് ലക്ഷ്യമിടുന്നത്. ജർമ്മനിയിലെ പല പ്രമുഖ സ്റ്റാർട്ടപ്പുകളും ഇപ്പോൾ ആയുധ നിർമ്മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡ്രോണുകൾ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള ആയുധങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പണ്ട് പാചക ഉപകരണങ്ങൾ നിർമ്മിച്ചിരുന്ന കമ്പനികൾ പോലും ഇപ്പോൾ അമേരിക്കൻ സൈന്യത്തിന് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്നുണ്ട്.
യൂറോപ്പിന്റെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജർമ്മനി സൈനികമായും കരുത്തരാകുന്നത് ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുകയാണ്. റഷ്യയുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സ്വന്തം ആയുധപ്പുര നിറയ്ക്കേണ്ടത് ജർമ്മനിക്ക് അത്യന്താപേക്ഷിതമാണ്. ഇത് രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാനും സാമ്പത്തിക വളർച്ചയ്ക്കും സഹായിക്കുമെന്നാണ് വിലയിരുത്തൽ. ജർമ്മൻ ആയുധങ്ങളുടെ കാര്യക്ഷമത യുക്രെയ്ൻ യുദ്ധഭൂമിയിൽ ഇതിനോടകം തെളിയിക്കപ്പെട്ടു കഴിഞ്ഞു. ഇത് അന്താരാഷ്ട്ര വിപണിയിൽ ജർമ്മൻ ആയുധങ്ങൾക്ക് വലിയ സ്വീകാര്യത നൽകി. വരും വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതിക്കാരായി ജർമ്മനി മാറുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്.



