തെക്കൻ ലബനനിൽ യേശുദേവന്റെ പ്രതിമ കൂടം കൊണ്ട് തകർത്ത ഇസ്രായേല്‍ സൈനികന്റെ നടപടിയെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കടുത്ത ഭാഷയിൽ അപലപിച്ചു. ഒരു കത്തോലിക്കാ മതപ്രതീകത്തിന് നേരെ സൈനികൻ നടത്തിയ ഈ അക്രമം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു ദൃശ്യമാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. ഇസ്രായേല്‍ സൈനിക യൂണിഫോം ധരിച്ച ഒരാൾ കൂടം ഉപയോഗിച്ച് യേശുപ്രതിമ അടിച്ചുതകർക്കുന്നതാണ് വീഡിയോയിലുള്ളത്.

സംഭവത്തെക്കുറിച്ച് എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. താനും ഭൂരിഭാഗം ഇസ്രായേലികളും ഈ വാർത്ത കേട്ട് ഞെട്ടലിലും സങ്കടത്തിലുമാണെന്ന് അദ്ദേഹം കുറിച്ചു. കുറ്റാരോപിതനായ സൈനികനെതിരെ സൈനിക അധികൃതർ ക്രിമിനൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷം കുറ്റവാളിക്കെതിരെ കടുത്ത അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് നെതന്യാഹു ഉറപ്പുനൽകി. ആരാധനാ സ്വാതന്ത്ര്യം മാനിക്കുന്ന രാജ്യമാണ് ഇസ്രായേലെന്നും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ രാജ്യത്തിന്റെ നിലപാടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയത്തിൽ ഇസ്രായേലിലെ അമേരിക്കൻ അംബാസഡർ മൈക്ക് ഹക്കബിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സൈനികനെതിരെ വേഗത്തിലുള്ളതും കടുപ്പമേറിയതും പരസ്യവുമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതചിഹ്നങ്ങൾക്ക് നേരെയുള്ള ആക്രമണം ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് അമേരിക്കൻ നയതന്ത്ര വൃത്തങ്ങൾ വ്യക്തമാക്കി. ലബനനിൽ ഹിസ്ബുല്ലയ്ക്കെതിരെയുള്ള സൈനിക നടപടിക്കിടെയാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത്.

സംഭവം വഴി ഏതെങ്കിലും തരത്തിൽ മതവികാരം വ്രണപ്പെടുകയോ മനോവിഷമമുണ്ടാവുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമേഷ്യയിൽ എല്ലാ മതവിഭാഗങ്ങൾക്കും ആരാധനാ സ്വാതന്ത്ര്യം നൽകുന്ന ഏക ഇടം ഇസ്രായേലാണെന്നും നെതന്യാഹു അവകാശപ്പെട്ടു. യുദ്ധഭൂമിയിൽ മതപരമായ ചിഹ്നങ്ങളെ അപമാനിക്കുന്നത് തടയാൻ സൈനികർക്ക് കർശന നിർദ്ദേശം നൽകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സംഭവത്തിൽ ക്രിസ്ത്യൻ മതമേലധ്യക്ഷന്മാരും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.