ബെയ്ജിംഗ്: ലോകത്തെ വിസ്മയിപ്പിച്ച് കായികരംഗത്ത് ചരിത്രപരമായ നേട്ടം കൈവരിച്ചിരിക്കുകയാണ് ചൈനയിൽനിന്നുള്ള ഒരു ഹ്യൂമനോയ്ഡ് റോബോട്ട്. ഇന്നലെ നടന്ന ബെയ്ജിംഗ് ഇ-ടൗൺ ഹ്യൂമനോയിഡ് റോബോട്ട് ഹാഫ് മാരത്തണാണു റോബോട്ടിക് സാങ്കേതികവിദ്യയുടെ പുതിയ കുതിപ്പിനു സാക്ഷിയായത്.
പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഹോണർ വികസിപ്പിച്ചെടുത്ത ‘ലൈറ്റ്നിംഗ്’ എന്ന റോബോട്ടാണു മനുഷ്യർ സ്ഥാപിച്ച ലോക റെക്കോർഡുകളെ പിന്നിലാക്കി ഒന്നാമതെത്തിയത്. ഏകദേശം 21 കിലോമീറ്റർ ദൂരം വെറും 50 മിനിറ്റും 26 സെക്കൻഡും കൊണ്ടാണ് ഈ റോബോട്ട് ഓടിത്തീർത്തത്. ഉഗാണ്ടയുടെ ജേക്കബ് കിപ്ലിമോ കഴിഞ്ഞ മാർച്ചിൽ പോർച്ചുഗലിലെ ലിസ്ബണിൽ സ്ഥാപിച്ച 57.20 എന്ന മനുഷ്യലോക റിക്കോർഡാണ് റോബോട്ട് തകർത്തത്. മനുഷ്യനേക്കാൾ ഏഴു മിനിറ്റ് വേഗത്തിൽ റോബോട്ട് ഓടി. രണ്ടും മൂന്നും സ്ഥാനങ്ങളും റോബോട്ടുകൾക്കാണ്.
21.1 കിലോമീറ്റർ ട്രാക്കിൽ ഏകദേശം 12,000 മനുഷ്യ ഓട്ടക്കാർക്കൊപ്പം മുന്നൂറോളം ഹ്യൂമനോയിഡ് റോബോട്ടുകളാണു മാരത്തണിൽ പങ്കെടുത്തത്. സുരക്ഷയ്ക്കുവേണ്ടി മനുഷ്യ കായികതാരങ്ങൾക്കും റോബോട്ടുകൾക്കും വേണ്ടിയുള്ള ട്രാക്കുകൾ വേലികെട്ടി തിരിച്ചിരുന്നു.
കഴിഞ്ഞ വർഷം ഇതേ മത്സരത്തിൽ വിജയിച്ച റോബോട്ട് രണ്ടു മണിക്കൂറിലധികം സമയമെടുത്താണ് ഓട്ടം പൂർത്തിയാക്കിയിരുന്നത്. എന്നാൽ വെറും ഒരു വർഷത്തിനുള്ളിൽ സാങ്കേതികവിദ്യയിലുണ്ടായ വൻ കുതിച്ചുചാട്ടമാണ് ഈ റെക്കോർഡ് പ്രകടനത്തിനുപിന്നിൽ. ഈ വർഷത്തെ മാരത്തണിൽ ഏകദേശം 40 ശതമാനം റോബോട്ടുകളും അതിലെ ഓൺബോർഡ് സെൻസറുകളും നിർമിതബുദ്ധിയും ഉപയോഗിച്ചു സ്വയംനിയന്ത്രിതമായാണു പങ്കെടുത്തത്.
മത്സരത്തിൽ അഞ്ച് രാജ്യാന്തര ടീമുകളും മാറ്റുരച്ചിരുന്നു. മത്സരത്തിനിടെ ചില റോബോട്ടുകൾ വീഴുകയും തടസങ്ങളിൽ തട്ടുകയും ചെയ്തെങ്കിലും ഭൂരിഭാഗവും വിജയകരമായി ഫിനിഷ് ചെയ്തു. സ്വയം നിയന്ത്രിതമായി ഓടിയ റോബോട്ടുകളുടെ പ്രകടനം കാണികളെ അമ്പരപ്പിച്ചു.
ഗതാഗതം നിയന്ത്രിക്കാനും നിർദേശങ്ങൾ നൽകാനും വരെ റോബോട്ടുകളെ ട്രാക്കിൽ വിന്യസിച്ചിരുന്നു.അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള സാങ്കേതിക മത്സരത്തിൽ ചൈന കൈവരിച്ച വലിയൊരു മുന്നേറ്റമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. 2026-2030 കാലയളവിലെ ചൈനയുടെ അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ വികസനത്തിനു രാജ്യം വലിയ പ്രാധാന്യമാണു നല്കുന്നത്.
മാരത്തണിൽ വിജയിച്ച റോബോട്ട് ഒരു വർഷമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ഹോണർ കന്പനിയിലെ എൻജിനിയർ ഡു സിയാവോഡി പറഞ്ഞു. കൂടാതെ മാരത്തണിന് പാകപ്പെടുത്തുന്നതിനായി ഏകദേശം 90 മുതൽ 95 സെന്റീമീറ്റർ വരെ നീളമുള്ള കാലുകളോടെയാണ് ഇതു രൂപകല്പന ചെയ്തിരിക്കുന്നത്. സാധാരണ സ്മാർട്ട് ഫോണുകളിൽ ഉപയോഗിക്കാറുള്ള ലിക്വിഡ് കൂളിംഗ് സാങ്കേതികവിദ്യ ഓട്ടത്തിനിടയിൽ ചൂട് വർധിക്കുന്നത് നിയന്ത്രിക്കുന്നതിനായി റോബോട്ടുകളിൽ ഉപയോഗിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.



