കോഴിക്കോട്: ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ കോഴിക്കോട് സ്വദേശി വിഷ്ണുവിനെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. കാണാതായി എട്ടാം നാളാണ് യുവാവിനെ കണ്ടെത്തുന്നത്. നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് കുടുംബത്തെ ഫോണിൽ വിളിച്ച് സംസാരിക്കുകയായിരുന്നു. സഹയാത്രക്കാരന്‍റെ ഫോണിൽ നിന്നും വിഷ്ണു തന്‍റെ സഹോദരൻ അദ്വൈദിനെ വിളിച്ച് സംസാരിക്കുകയായിരുന്നു. താന നാട്ടിലേക്കില്ലെന്ന് വിഷ്ണു പറഞ്ഞു. എന്നാൽ അമ്മയും മറ്റ് കുടുംബാംഗങ്ങളും നേരിടുന്ന പ്രതിസന്ധി സഹോദരൻ വിഷ്ണുവിനെ അറിയിച്ചു. തുടർന്ന് യുവാവ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു. ഇയാൾക്കായി ബെംഗളൂരുവിലും, മംഗലാപുരത്തും വിവിധ സംഘങ്ങളായി പൊലീസ് തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.
വിഷ്ണുവിനെ കണ്ടെത്തിയ വിവരം കുടുംബാംഗങ്ങൾ തന്നെ പൊലീസിൽ വിളിച്ച് അറിയിക്കുകയായിരുന്നു. സിആർപിഎഫിൽ ജോലി ചെയ്യുന്ന വിഷ്ണുവിന്‍റെ അമ്മാവൻ പയ്യന്നൂരെത്തി ഇയാളെ കണ്ട് സംസാരിച്ചതായി കുടുംബം അറിയിച്ചു. ഇന്ന് രാവിലെയോടുകൂടിയാണ് വിഷ്ണു അനിയന്‍റെ ഫോണിൽ വിളിക്കുന്നത്. താൻ ജീവനോടെയുണ്ടെന്നും പ്രതിസന്ധിയുള്ളതിനാൽ നാട്ടിലേക്കില്ലെന്നും അറിയിച്ചു. എന്നാൽ എല്ലാ സഹായവും ഉണ്ടാകുമെന്നും കുടുംബം സംങ്കടത്തിലാണെന്നും ഇവർ അറിയിച്ചു. ഒടുവിൽ വിഷ്ണുവിനെ പറഞ്ഞ് സമ്മതിപ്പിച്ച് പയ്യന്നൂർ സ്റ്റേഷനിൽ ഇറക്കുകയായിരുന്നു. വിഷ്ണു അവശനായ നിലയിലാണെന്നാണ് വിവരം.
യുവാവിനെ ഉടൻ വടകര പൊലീസ് സ്റ്റേഷനിലെത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വിഷ്ണു നാട്ടിൽ നിന്നും മാറി നിൽക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ മാത്രമേ ലോൺ ആപ്പ് സംബന്ധിച്ചും ബ്ലേഡ് മാഫിയയുടെ സമ്മദ്ദം സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കു.



