‘കടം വീട്ടാന്‍ പണമില്ല. എന്നെ ഏതെങ്കിലും ഐപിഎല്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ സഹായിക്കുമോ?’ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്‍ലിന്‍റേതാണ് ചോദ്യം. 2011ലെ ഐപിഎല്‍ ലേലത്തില്‍ ഒരു ടീമും താരത്തെ എടുക്കാതെ വന്നപ്പോള്‍ ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡിയെ ഫോണില്‍ വിളിച്ചാണ് ഗെയ്‍ല്‍ ഈ അഭ്യര്‍ഥന നടത്തിയത്. 2009ലും 2010ലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ താരമായിരുന്നു ഗെയ്‍ല്‍.

ഗെയ്‍ലിന്‍റെ കോള്‍ വന്നയുടന്‍ താന്‍ ബെംഗളുരു റോയല്‍ ചലഞ്ചേഴ്സിന്‍റെ അന്നത്തെ ഉടമ വിജയ് മല്യയെ കണ്ട് ഗെയ്‌ലിനുവേണ്ടി സംസാരിച്ചെന്ന് ലളിത് മോഡി പറഞ്ഞു. അന്ന് ബെംഗളൂരു താരമായിരുന്ന ഡിര്‍ക് നാനസിന് പരുക്കേറ്റ സമയമായിരുന്നു. നാനസിന് പകരം മല്യ ഗെയ്‍ലിനെ ടീമില്‍ ഉള്‍പ്പെടുത്തിയെന്നും ഇംഗ്ലണ്ടിന്‍റെ മുന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ വോന്‍റെ പോഡ്കാസ്റ്റില്‍ മോഡി വെളിപ്പെടുത്തി.

ഞാന്‍ ഐപിഎല്‍ ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞ് ലണ്ടനിലേക്ക് മാറിയ സമയമായിരുന്നു. അപ്പോഴാണ് എന്‍റെ നല്ല സുഹൃത്തായ ക്രിസ് ഗെയ്‍ല്‍ വിളിച്ചത്. താരലേലത്തില്‍ ഒരു ടീമും താല്‍പര്യം പ്രകടിപ്പിച്ചില്ലെന്ന് ഗെയ്‍ല്‍ സങ്കടപ്പെട്ടു. നല്ല തുക കടമുണ്ട്. അത് വീട്ടാതെ തരമില്ല. ലേലം കഴിഞ്ഞ് പലരെയും വിളിച്ചു. ആരും തയാറായില്ലെന്നും ഗെയ്ല്‍ പറഞ്ഞു. തൊട്ടുമുന്‍പുള്ള സീസണില്‍ ഉഴപ്പിയില്ലേ, അതുകൊണ്ടാകും ആരും ടീമിലെടുക്കാത്തതെന്ന് ഞാന്‍ മറുപടി നല്‍കി. സംസാരം കഴിഞ്ഞ് ഞാന്‍ നേരെ എതിര്‍വശത്തുള്ള വിജയ് മല്യയുടെ വീട്ടിലേക്ക് പോയി. അയാളെ ടീമിലെടുക്കാം, പക്ഷേ മികച്ച പ്രകടനം ഉണ്ടായാലേ പണം നല്‍കൂ എന്നായിരുന്നു മല്യയുടെ മറുപടി. ഞാന്‍ തിരികെപ്പോയി ഗെയ്‍ലിനെ വിളിച്ച് കാര്യം പറഞ്ഞു. ബെംഗളൂരുവിലേക്ക് പൊയ്ക്കോ, ഏറ്റവും നല്ല പ്രകടനം പുറത്തെടുക്ക് എന്നുപറഞ്ഞു’ – ലളിത് മോഡി വെളിപ്പെടുത്തി.

ക്രിസ് ഗെയ്‍ല്‍ ബെംഗളൂരുവിലെത്തി. തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. 12 കളികളില്‍ നിന്ന് 608 റണ്‍സുമായി ഓറഞ്ച് ക്യാപ് വരെ നേടി. പിന്നീട് അയാള്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കോടികളുടെ കരാര്‍ ലഭിച്ചു. 2017 വരെ ഗെയ്‍ല്‍ ബെംഗളൂരുവിന് വേണ്ടി കളിച്ചു. ഐപിഎല്ലിലും ഇതിഹാസതുല്യമായ പദവി നേടിയാണ് ഗെയ്‍ല്‍ കളമൊഴിഞ്ഞത്. 

ഐപിഎല്ലില്‍ തകര്‍ക്കപ്പെടാത്ത പല റെക്കോര്‍ഡുകളും ക്രിസ് ഗെയ്‍ലിന്‍റെ പേരിലുണ്ട്. 2013 ഏപ്രില്‍ 23ന് ബെംഗളൂരുവില്‍ ഗെയ്ല്‍ നേടിയ 175 റണ്‍സാണ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. 66 പന്തുകളില്‍ 17 സിക്സുകളുടെയും 14 ഫോറുകളുടെയും അകമ്പടിയിലായിരുന്നു ആ ബ്രഹ്മാണ്ഡ പ്രകടനം. ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ സെഞ്ചറിയും ഇതുതന്നെ. 30 പന്തിലാണ് അന്ന് ഗെയ്‍ല്‍ 100 തികച്ചത്. ഐപിഎല്ലില്‍ ഏറ്റവും കൂ‍ടുതല്‍ സിക്സറടിച്ച താരവും മറ്റാരുമല്ല. 357 സിക്സുകളാണ് ഗെയ്‍ലിന്‍റെ പേരിലുള്ളത്.